top of page

നിത്യജീവന്റെ സവിശേഷത

Characteristic of eternal life.

 

“നിത്യജീവൻ” (eternal life) എന്നു കേൾക്കുമ്പോൾ പലരുടേയും മനസ്സിൽ വരുന്നത് എന്നേക്കും ജീവിക്കുക എന്നാണ്. എന്നാൽ അതല്ല.  കാരണം അവർ മരിക്കുമ്പോൾ എന്നേക്കും അവരുടെ അസ്തിത്വം അവസാനിക്കുന്നില്ല;  ഒന്നുകിൽ സ്വർഗ്ഗത്തിലൊ അതല്ലെങ്കിൽ നരകത്തിലൊ അവരുടെ അസ്തിത്വം തുടരുന്നു. മറ്റൊരു കൂട്ടർ മരണശേഷം സ്വർഗ്ഗത്തിൽ എത്തിച്ചേർന്നതിനു ശേഷമാണ് നിത്യജീവൻ ആരംഭിക്കുന്നത് എന്നു ചിന്തിക്കുന്നു. അവർ ഈ ജീവിതത്തിൽ നിത്യജീവൻ ആരംഭിക്കുന്നു എന്ന കാര്യം അറിയുന്നില്ല. എന്നാൽ നിത്യജീവൻ ഈ ഭൂമിയിൽ വെച്ച് ആരംഭിക്കുന്നതും അതു നിത്യമായി തുടരുന്നതുമായ ഒന്നാണ്. മാത്രവുമല്ല, അതു സ്വഭാവത്തിലും വ്യത്യസ്ഥമാണ്. അത് ആസ്വദിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നതിനേക്കാൾ ശ്രേഷ്ടമായ ഒരു ജീവിതം ഒരു വ്യക്തിക്കുണ്ടാവുകയില്ല.

യോഹന്നാൻ 3:36 പറയുന്നു, “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനൊ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (Whoever believes in the Son has eternal life; whoever does not obey the Son shall not see life, but the wrath of God remains on him.)  നിത്യജീവൻ ഉണ്ട് എന്ന് വർത്തമാന കാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, താൻ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന മാത്രയിൽ അവൻ നിത്യജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു.  സ്വർഗ്ഗത്തിൽ എത്തുന്നതു വരെ കാത്തിരിക്കേണ്ടതില്ല. യോഹന്നാൻ 6:47 ഇതേ ആശയം തന്നെ നൽകുന്നു; “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്’(Truly, truly, I say to you, whoever believes has eternal life). നിത്യജീവനെ ഈ ജീവിതത്തിൽ നാം കൈവശമുള്ള (possession)  ഒന്നായി പറയുന്ന നിരവധി തിരുവെഴുത്തുകളുണ്ട് (യോഹന്നാൻ 4:14; 5:24; 6:27; 6:40).

യേശു ഈ ഭൂമിയിലേക്കു വന്നതിന്റെ ഉദ്ദേശ്യം തന്നിൽ വിശ്വസിക്കുന്നവർക്കു ഏവർക്കും നിത്യജീവൻ പകർന്നു നൽകാനാണ്. യോഹന്നാൻ 3:16 പറയുന്നു, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (“For God so loved the world, that he gave his only Son, that whoever believes in him should not perish but have eternal life").  മനുഷ്യൻ തന്റെ പാപം മൂലം നശിച്ചുപോകാതിരിക്കാനാണ് അവിടുന്നു വന്നത്. നാം യേശുക്രിസ്തുവിൽ വിശ്വസിച്ച് ജീവൻ പ്രാപിക്കുന്നില്ല എങ്കിൽ നാം നശിച്ചു പോകും. ഇവിടെ മനുഷ്യന്റെ ഉത്തരവാദിത്വമെന്നത് യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ്.

വീണ്ടും യോഹന്നാൻ 10:10 ൽ നാം കാണുന്നത്:  “… അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” കേവലം നമുക്കു ജീവനുണ്ടാകുക എന്നു മാത്രമല്ല യേശുക്രിസ്തുവിന്റെ വരവിന്റെ ഉദ്ദേശ്യം, പ്രത്യുത സമൃദ്ധിയായിട്ട് ജീവൻ ഉണ്ടാകുവാനാണ്. സമൃദ്ധിയായ ജീവൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്  ഭൗതിക സമ്പത്ത് വർദ്ധിച്ച് പെട്ടെന്ന് നിങ്ങൾ സമ്പന്നനായി തീരും എന്നല്ല. ഒരുവൻ പാപവഴികളെ വിട്ട്   ദൈവത്തിന്റെ വഴിയിൽ നടക്കുവാൻ ആരംഭിക്കുമ്പോൾ അവനു അഭിവൃത്തിയുണ്ടാകും; അവൻ ഒരു ദൈവപൈതലായി തീർന്നതിനാൽ അവന്റെ  പ്രാർത്ഥനക്കുത്തരം ലഭിക്കും; ആ നിലയിൽ അവന്റെ അവസ്ഥയിൽ മാറ്റം വരുകയും അഭിവൃത്തിയുണ്ടാകുകയും ചെയ്യും എന്നത്  ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനേക്കാൾ ഉപരി അവൻ രക്ഷപ്രാപിക്കുന്നതോടെ നിത്യമായ നരകശിക്ഷ നീങ്ങിപ്പോയി എന്നത് അവന്റെ ഭയത്തേയും കുറ്റബോധത്തേയും  എന്നന്നേക്കുമായി നീക്കിക്കളയുന്നു.  അവൻ സ്വർഗ്ഗത്തിന്റെ കാഴ്ചപ്പാടിൽ ലോകത്തിലെ കാര്യങ്ങളെ വീക്ഷിക്കാൻ തുടങ്ങുന്നു (റോമർ 12:2). എല്ലാ കാര്യങ്ങളിലും അവൻ ദൈവത്തെ ആശ്രയിക്കാൻ പഠിക്കുകയും  ദൈവത്തെ കുറിച്ചുള്ള  അറിവിൽ വളരുകയും ചെയ്യുന്നു. അവന്റെ ജീവിതം സന്തോഷം, സമാധാനം, ദയ, ദീർഘക്ഷമ, പരോപകാരം,  വിശ്വസ്ത, സൗമ്യത, ഇന്ദ്രിയജയം(ഗലാ. 5: 22-23) എന്നിങ്ങനെ  പരിശുദ്ധാത്മാവിന്റെ ഫലമുള്ളതായി തീരുകയും ചെയ്യുന്നതുവഴി വളരെ ആനന്ദകരമായ ജീവിതം നയിക്കാനിടയായി തീരുകയും ചെയ്യുന്നു.

ഈ ജീവൻ  നമുക്കു ലഭിക്കുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. യോഹന്നാൻ 1:4 ൽ നാം ഇപ്രകാരം വായിക്കുന്നു:  “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.” അതായത്, യേശുക്രിസ്തുവിൽ ഈ ജീവൻ ഉണ്ടായിരുന്നു; അവനിൽ നാം വിശ്വസിച്ചപ്പോൾ ഈ ജീവൻ നമുക്കു ലഭിച്ചു.  അതല്ലെങ്കിൽ യോഹന്നാൻ 14:6 “യേശു അവനോടു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു;…”   ബൈബിളിൽ  നിത്യജിവൻ യേശുക്രിസ്തു എന്ന വ്യക്തിയോടു അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.   “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” (യോഹന്നാൻ 17:3) ("And this is eternal life, that they know you, the only true God, and Jesus Christ whom you have sent"). ഈ വാക്യത്തിൽ യേശു നിത്യജീവനെ തുലനപ്പെടുത്തിയിരിക്കുന്നത്  ഏകസത്യദൈവത്തേയും യേശുക്രിസ്തുവിനേയും അറിയുന്നതുമായിട്ടാണ്. പുത്രനെ കൂടാതെ പിതാവിനെ അറിയുവാൻ നമുക്കു സാധിക്കയില്ല, എന്തെന്നാൽ പുത്രനിലൂടെയാണ് പിതാവു തന്നെത്തന്നെ തന്റെ വൃതന്മാർക്കു വെളിപ്പെടുത്തുന്നത് (യോഹ. 17:6; 14:9).

'നിത്യജീവൻ' എന്നത് ദൈവത്തെ അറിയുന്നതാണ്.  അപ്പോൾ ഒരു പക്ഷെ നിങ്ങൾ ചോദിച്ചേക്കാം ഞാൻ ദൈവത്തെ അറിയുന്ന വ്യക്തിയാണ് എന്നാൽ അതിൽ സംതൃപ്തനല്ല എന്ന്.  അതിനു കാരണം “അറിയുക” എന്നു പറഞ്ഞാൽ എന്താണ്  എന്ന് മനസ്സിലാക്കാത്തതാണ്. ഉല്പത്തി പുസ്തകം 4:1 ൽ “അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു:…” അത് ഇംഗ്ലീഷ് പരിഭാഷയിൽ നൽകിയിരിക്കുന്നതിപ്രകാരമാണ്; “Adam knew Eve his wife; and she conceived, and bare Cain” ആദം ഹവ്വയെ ബുദ്ധിപരമായി അറിഞ്ഞു എന്നല്ല; അങ്ങനെയായാൽ അവർക്കൊരു കുഞ്ഞു ജനിക്കുകയില്ലല്ലൊ. അവൻ ആഴമായി, വ്യക്തിപരമായ അനുഭവത്തിലൂടെ ഹവ്വയെ അറിഞ്ഞു എന്നാണ് അർത്ഥമാക്കുന്നത്. അതായത്,  ഒരു പുരുഷനും സ്ത്രീയും തങ്ങൾക്കു സാദ്ധ്യമായ ഏറ്റവും ആഴമായ നിലയിൽ അറിയുന്നതാണ്.

അതുപോലെ ദൈവത്തെ അറിയുന്നതാണ് നിത്യജീവൻ എന്നാണ് യേശുക്രിസ്തു അർത്ഥമാക്കുന്നത്. ദൈവവുമായി വളരെ ആഴമായ, വ്യക്തിപരമായ അടുപ്പം ഉണ്ടാകണം എന്നാണ് യേശു പറഞ്ഞത്. ഇത് എത്രയൊ വിസ്മയാവഹമാണ്!

യേശുക്രിസ്തുവിന്റെ അനിയായികൾ ആണെന്നു പറയുകയും അതേ സമയം യേശുക്രിസ്തുവുമായി ബന്ധമില്ലാതിരിക്കയും ചെയ്യുന്നവരെ അന്ത്യന്യായവിധി നാളിൽ ദൈവം ന്യായം വിധിക്കുമെന്ന്. മത്തായി 7:23 ൽ നാം വായിക്കുന്നത്: “അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരെ, എന്നെ വിട്ടു പോകുവിൻ  എന്നു തീർത്തു പറയും.”

അപ്പോസ്തലനായ പൗലോസ് കർത്താവിനെ അറിയുന്നത് മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനവുമായി ബന്ധിപ്പിച്ചുകൊണ്ടു പറയുന്നത്: “ഞ്ൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽ നിന്നുള്ള എന്റെ സ്വന്തനീതിയല്ല, ക്രിസ്തുവിലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയേയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയേയും അനുഭവിച്ചറിയേണ്ടതും..” തന്റെ ലക്ഷ്യമായി വെച്ചിരിക്കുന്നു (ഫിലി. 3:10-11).

പുതിയ യെരുശലേമിൽ, അപ്പോ. യോഹന്നാൻ ദൈവത്തിന്റെ സിംഹാസനത്തിൽ നിന്നും ഒഴുകുന്ന ഒരു നദിയെക്കുറിച്ചും  അതിന്റെ ഇരു കരകളിലുമുള്ള ജീവന്റെ വൃക്ഷത്തെക്കുറിച്ചും പറയുന്നതു ശ്രദ്ധിക്കുക. “വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിനെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുക്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരേയും അക്കെരേയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു” (വെളിപ്പാട് 22:1-2). ഏദൻ തോട്ടത്തിൽ, നാം ദൈവത്തിനെതിരെ മത്സരിച്ചതുകൊണ്ട് ദൈവം ജീവവൃക്ഷത്തിൽ നിന്നും നമ്മേ അകറ്റി. എന്നാൽ അവസാനം ദൈവം തന്റെ കരൂണാധിക്യത്താൽ ജീവവൃക്ഷത്തിലേക്കുള്ള പ്രവേശനം  യാഥാർത്ഥ്യമാക്കും. അതു യേശുക്രിസ്തുവിലൂടെയാണ്, ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തു ലോകത്തിന്റെ പാപത്തെ ചുമന്നൊഴിക്കുന്നതുമൂലമാണ് അതു യാഥാർത്ഥ്യമായി തീരുന്നത് (യോഹ 1:29).

ഇപ്പോൾ ഓരോ പാപിയോടും യേശുക്രിസ്തുവിനെ അറിയാനും നിത്യജീവൻ പ്രാപിക്കുവാനും ആഹ്വാനം ചെയ്യുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ചിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ” (വെളി. 22:17).

ഇപ്പോൾ നിങ്ങൾക്കെങ്ങനെ നിത്യജീവൻ ഉണ്ടെന്നു അറിയാൻ കഴിയും? അതി പരിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുക. ദൈവത്തിന്റെ ദാനമായ യേശുക്രിസ്തു എന്ന നിങ്ങളുടെ രക്ഷകനെ നിങ്ങൾ സ്വീകരിക്കുക. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” (റോമർ 10:13). ദൈവപുത്രനായ യേശുക്രിസ്തു നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിക്കയും അടക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുനേറ്റു എന്നു വിശ്വസിക്കയും ചെയ്തു എന്ന സദ്വർത്തമാനം അഥവാ സുവിശേഷം നിങ്ങൾ സ്വീകരിക്കുക. യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുക. എന്നാൽ നിങ്ങൾ നിത്യജീവന്നുടമകളായി തീരും. സമൃദ്ധിയായ ജീവൻ നിങ്ങൾക്ക് ഈ ഭൂമിയിൽ വെച്ച് ആസ്വദിക്കുവാനും അതു നിത്യമായി തുടരുവാനും നിങ്ങൾക്കു സാധിക്കും. 

bottom of page