top of page

O T Overview_Joshua-08

(24 അദ്ധ്യായങ്ങൾ)
The Book of Joshua
യോശുവയുടെ പുസ്തകം

പുസ്തകത്തിന്റെ എഴുത്തുകാരനും കാലഘട്ടവും

യോശുവ മുതൽ എസ്ഥേർ വരെയുള്ള പന്ത്രണ്ട് ചരിത്രഗന്ഥങ്ങളിൽ ആദ്യത്തേതാണ് യോശുവയുടെ പുസ്തകം. യേശുവയുടെ ആദ്യപേര് ഹോശേയ (രക്ഷ) എന്നായിരുന്നു. മൊശെയാണ് യെഹോശുവ എന്നു മാറ്റി. ആ വാക്കിന്റെ അർത്ഥം ‘യഹോവയാകുന്നു രക്ഷ” എന്നാണ്. യോശുവ നായകസ്ഥാനത്ത് പ്രവർത്തിച്ചുയെങ്കിലും യഹോവയാണ് വിടുതലും വിജയവും നൽകിയത് എന്ന് വ്യക്തമാക്കുകയാണിവിടെ. ഏകദേശം 1405-1385 കാലഘട്ടത്തിൽ കനാനിൽ വെച്ച് ഈ പുസ്തകം എഴുതി എന്ന് കണക്കാക്കപ്പെടുന്നു. യോശുവതന്നെയാണ് ഇത് എഴുതിയത് എന്ന സൂചന ഈ പുസ്തകത്തിന്റെ 24:26 ൽ നാം കാണുന്നു. അവിടെ ഇപ്രകാരം രേഖപ്പെടുത്തുന്നു “ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി”.

1. മോശെയ്ക്കു പിൻ ഗാമിയായി വരുന്ന യോശുവ (Joshua, Moses' successor)

ഇനി നമുക്കു പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ഒന്നാം അദ്ധ്യായം മോശയുടെ മരണത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. ആവർത്തനപുസ്തകത്തിന്റെ പിന്തുടർച്ച എന്ന നിലയിലാണ് ഇത് ആരംഭിക്കുന്നത്. മൊശെ മരിച്ചതോടെ ദൈവം യോശുവയെ നേതൃസ്ഥാനത്തേയ്ക്ക് ഉയർത്തുന്നു. രചയിതാവ് മനഃപ്പൂർവ്വം യോശുവയെ ഒരു പുതിയ മോശയായി അവതരിപ്പിക്കുന്നു. സിനായ് പർവ്വതത്തിൽവെച്ച് ദൈവം യിസായേലിനു നൽകിയ ഉടമ്പടി വ്യവസ്ഥകൾ അഥവാ തോറ അനുസരിക്കാൻ മോശെ ജനങ്ങളെ ആഹ്വാനം ചെയ്തതുപോലെ, യോശുവയും യിസ്രായേൽ ജനത്തെ യഹോവയുടെ കലപ്പനകൾ അനുസരിപ്പാൻ ആഹ്വാനം ചെയ്യുന്നു. മോശെ ദേശം ഉറ്റുനോക്കുവാനായി ചാരന്മാരെ അയച്ചതുപോലെ യോശുവയും ചാരന്മാരെ അയക്കുന്നു. അന്നത്തേതിൽ നിന്നും വ്യത്യസ്ഥമായി, ഇത്തവണ ചില കനാന്യർ യിസ്രായേലിന്റെ ദൈവത്തെ അനുഗമിക്കുവാൻ അതിടയാക്കി. മോശെ ചെങ്കടൽ വിഭാഗിച്ച് അതിലൂടെ യിസ്രയേലിനെ മറുകര കടത്തിയതുപോലെ യോശുവയും യഹോവയുടെ പെട്ടകത്തെ പിന്തുടർന്ന് ജനത്തെ യോർദ്ദാൻ കടക്കുമാറാക്കുന്നു.

2. തന്റെ ഉടമ്പടി ജനത്തിനു വേണ്ടി യഹോവ യുദ്ധം ചെയ്യുന്നു (Jehovah fights for his covenant people)

അഞ്ചാം അദ്ധ്യായത്തിൽ അവർ തങ്ങളുടെ ചരിത്രം പിന്നിലേക്കു നോക്കി, തങ്ങൾ യഹോവയുടെ ജനമെന്നും അങ്ങനെ ആ പുതിയ തലമുറ പരിഛേദന എൽക്കയും ദേശത്ത് അവർ ആദ്യ പെസഹാ ആചരിക്കയും ചെയ്യുന്നു. അവിടെ നിന്നും അവർ മുന്നോട്ട് പോകുവാൻ തുടങ്ങുമ്പോൾ യോശുവ ഒരു യുദ്ധവീരനുമായി വിചിത്രമായ മൽപ്പിടുത്തത്തിൽ എർപ്പെടുന്നു. അതു മറ്റാരുമായിട്ടായിരുന്നില്ല, ദൈവത്തിന്റെ സൈന്യത്തിന്റെ അധിപനായ യഹോവയുടെ ദൂതനുമായിട്ടായിരുന്നു ആ മല്ലയുദ്ധം. യോശുവ ആ അപരിചിതനോട് നീ ഞങ്ങളുടെ പക്ഷത്തൊ അതോ ശത്രുപക്ഷത്തൊ? എന്നു ചോദിക്കുന്നു. അതിനു അവൻ മറുപടിയായി ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതി, നീ നിന്റെ കാലിൽ നിന്നും ചെരിപ്പു അഴിച്ചുകളയുക; നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു. യോശുവ അങ്ങനെ ചെയ്യുകയും വീണു നമസ്ക്കരിക്കയും ചെയ്യുന്നു. അതിൽ നിന്നും ഒരു കാര്യം വ്യക്തം, ഇതു യിസ്രായേലും കനാന്യരും തമ്മിലുള്ള യുദ്ധമല്ല, മറിച്ച്, ദൈവത്തിന്റെ യുദ്ധമാണ്. അതിൽ ഒരു പങ്കാളിത്വം ദൈവം യിസ്രായേലിനു നൽകിയിരിക്കുന്നു.

അടുത്ത സെഷനിൽ മറ്റ് അനേകം കനാന്യരാജാക്കന്മാരുമായി യിസ്രയേൽ യുദ്ധം ചെയ്യുന്നതും വിജയിക്കുന്നതും കാണാം. അതിൽ ആദ്യത്തെ രണ്ടു യുദ്ധത്തിന്റെ വിശദാംശങ്ങൾ വളരെ വിശദമായി നൽകയും പിന്നീടുള്ള യുദ്ധങ്ങളുടെ വിവരണം കേവലം സംഗ്രഹരൂപത്തിൽ നൽകയും ചെയ്യുന്നു. ആദ്യത്തെ രണ്ട് യുദ്ധങ്ങൾ യെരീഹോയും ഹായിയുമായിട്ടുള്ള യുദ്ധങ്ങളാണ്. ഇവ രണ്ടും വളരെ രണ്ടു വ്യത്യസ്ഥ ചിത്രങ്ങളാണ് നൽകുന്നത്. അതായത്, ആദ്യത്തേത് വളരെ അനായാസം യിസ്രായേൽ വിജയം വരിക്കുന്നതും എന്നാൽ രണ്ടാമത്തേതിൽ ആദ്യം പരാജയവും വളരെ ആൾനാശവും സംഭവിക്കുന്നതും പിന്നീട് വിജയം വരിക്കുന്നതുമായി നാം കാണുന്നു. അതായത്, ഇതു രണ്ടും ദൈവവും യിസ്രായേലും തമ്മിലുള്ള വിശ്വസ്തതയുടെ ചിത്രമാണ് നൽകുന്നത്. യിസ്രായേൽ ദൈവത്തിന്റെ പെട്ടകവുമായി യെരീഹൊ പട്ടണത്തെ 7 വട്ടം വലംവെക്കുകയും കാഹളം ഊതുകയും ചെയ്യുമ്പോൾ ആ മതിലുകൾ ഇടിഞ്ഞു വീഴുകയും യെരീഹൊ പട്ടണം അനായാസം യിസ്രായേൽ കീഴടക്കുകയും ചെയ്യുന്നു. അതിലെ പോയിന്റ് എന്തെന്നാൽ ദൈവമാണ് തന്റെ ജനത്തെ രക്ഷിക്കുന്നത്. മാത്രമല്ല ഈ പട്ടണമതിലിന്മേൽ താമസിച്ചിരുന്ന രാഹാബ് ദൈവത്തിലേക്കു തിരിയുകയും ദൈവം അവളേയും കുടുംബത്തേയും രക്ഷിക്കയും ചെയ്യുന്നു.

എന്നാൽ ഹായിയുമായിട്ടുള്ള യുദ്ധം നേരെ വിപരീതമായ ചിത്രമാണ് നൽകുന്നത്. അവിടെ ആഖാൻ എന്ന യിസ്രായേല്യൻ യെരീഹോയിലെ ശപഥാർപ്പിത വസ്തുക്കൾ, മോഷ്ടിക്കുന്നു. പട്ടണവും അതിലുള്ളതൊക്കേയും ചുട്ടുകളയാനും വെള്ളിയും പൊന്നും ചെമ്പും ഇരിമ്പും കൊണ്ടുള്ള പാത്രങ്ങൾ യഹോവയുടെ ആലയത്തിലേക്കും നൽകണം എന്നായിരുന്നു ദൈവം അവരോടു കല്പിച്ചിരുന്നത്. എന്നാൽ ആഖാൻ താൻ മോഷ്ടിച്ചതിനെക്കുറിച്ചു നുണപറയുന്നു. എത്രയോ സങ്കടകരമായ സംഗതി എന്ന് ഓർക്കുക. അവർ ഹായിക്കെതിരെ യുദ്ധത്തിനു പോകുന്നു, ഹായിക്കാർ യിസ്രായേലിനെ പരാജയപ്പെടുത്തുന്നു, അതിന്റെ കാരണം അവർ യഹോവയോടു ചോദിക്കുന്നു. ആഖാന്റെ പാപം വെളിപ്പെടുകയും അത് കൈകാര്യം ചെയ്യപ്പെടുകയും യിസ്രായേൽ മാനസാന്തരപ്പെടുകയും ചെയ്തപ്പോൾ അവർക്ക് ഹായിക്കെതിരെ വിജയം നേടുവാൻ സാധിക്കുന്നു. അങ്ങനെ അവർ നേടിയ വിജയങ്ങളെ, ആദ്യം മോശെയുടെയും പിന്നെ യോശുവയുടേയും നേതൃത്വത്തിലുള്ള വിജയങ്ങളെ, അയവിറക്കിക്കൊണ്ട് ഈ സെഷൻ അവസാനിക്കുന്നു.

3. കനാന്യരുടെ വംശഹത്യ ഔചിത്യപരമോ? (Is the Canaanite genocide justified?)

ഇനി കനാന്യരെ കൊന്നൊടുക്കിയതിന്റെ പിന്നിലെ ഔചിത്യത്തെക്കുറിച്ച് നമുക്കു ഒരു നിമിഷം ചിന്തിക്കാം. നിങ്ങൾ യേശുവിന്റെ ഒരു അനുഗാമിയാണെങ്കിൽ ഒരുപക്ഷെ ഇതു നിങ്ങളെ വേദനിപ്പിച്ചിരിക്കാം. എന്തുകൊണ്ടാണ് ശത്രുക്കളെ സ്നേഹിക്കാൻ പറഞ്ഞ ദൈവം ഈ നിലയിൽ ഒരു യുദ്ധത്തിനു ഒരുങ്ങിയത്? എന്നാൽ ഈ കഥ ഒന്നു പിറകോട്ട് നോക്കിയാൽ അതിന്റെ കാരണമെന്താണെന്ന് നമുക്കു മനസ്സിലാകും. കനാന്യർ ധാർമ്മികമായി ഏറ്റവും അധഃപ്പതിച്ചവരും കുത്തഴിഞ്ഞ ലൈംഗിക വേഴ്ചകളിൽ ഏർപ്പെട്ടിരുന്നവരും ആയിരുന്നെന്ന് ലേവ്യാപുസ്തകം 18 ൽ നമുക്കു കാണാം. അതിലെ ചില വാക്യങ്ങൾ ശ്രദ്ധിക്കുക: ലേവ്യ 18:3 “നിങ്ങൾ പാർത്തിരുന്ന മിസ്രയിം ദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻ ദേശത്തിലെ നടപ്പുപോലേയും അരുത്, അവരുടെ മര്യാദ ആചരിക്കരുത്”. അതിനു ശേഷം യിസ്രായേൽ തങ്ങളെത്തന്നെ വിശുദ്ധരായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവർ ആചാരപരമായി അനുഷ്ഠിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും വിധികളെക്കുറിച്ചും വളരെ ദീർഘമായി പ്രതിപാദിക്കുന്നു. ആ അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് അതായത് 18:24-26 വാക്യങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു “ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്, ഞാൻ നിങ്ങളുടെ മുൻപിൽനിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായി തീർന്നു. അതുകൊണ്ട് ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു. ഈ മ്ലേഛത ഒക്കെയും നിങ്ങൾക്കുമുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു ദേശം അശുദ്ധമായിത്തീർന്നു.” അവരുടെ മേച്ഛത ആ ദേശത്തെതന്നെ അശുദ്ധമാക്കി. അങ്ങനെ ദേശത്തെ അശുദ്ധമാക്കിയാൽ, അതിനെ അശുദ്ധമാക്കിയവരെ ദേശം ഛർദ്ദിച്ചു കളയും. മാത്രവുമല്ല, ആവർത്തനം 12 ൽ അവർ ചെയ്ത മറ്റൊരു പാപത്തെക്കുറിച്ച് പറയുന്നു 30-31 വാക്യങ്ങൾ “… അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ. നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യെഹോവ വെറുക്കുന്ന സകല മ്ലേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു. തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു അഗ്നിപ്രവേശം ചെയ്യിച്ചുവല്ലൊ.” അതായത്, തങ്ങളുടെ മക്കളെപ്പോലും ദേവപ്രീതിക്കായി ബലിയർപ്പിക്കുന്ന ഒരു ജനതയായിരുന്നു കനാന്യർ. ഇവരുടെ മ്ലേച്ഛത യിസ്രായേലിനെ സ്വാധീനിക്കരുത് എന്ന് ദൈവം യിസ്രായേലിനു മുന്നറിയിപ്പു നൽകുന്നു. ദൈവത്തിന്റെ നീതി പാപത്തെ ശിക്ഷിക്കാതെ വിടുകയില്ല. ദൈവത്തിന്റെ സന്ദർശനദിവസം അതു ന്യായവിധിയായി അവരുടെമേൽ വരും.

രണ്ടാമതായി, എല്ലാ കനാന്യരേയും നീങ്ങിപ്പോകേണ്ടതാവശ്യമാണ്, എന്നാൽ എല്ലാവരേയും കൊന്നുമുടിക്കുവാൻ ദൈവം കൽപ്പന കൊടുത്തിരുന്നോ? നരഹത്യക്ക് ഈ കഥയിൽ ഉപയോഗിച്ചിരുക്കുന്ന വാക്യാംശങ്ങൾ പരിശോധിച്ചാൽ അവരെ മൊത്തമായി നശിപ്പിച്ചു എന്നു ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ ഈ ശൈലികൾ അതിശയോക്തിപരമാണെന്നും അക്ഷരാർത്ഥത്തിലല്ലെന്നും മനസ്സിലാകും. അതിനാൽ കനാന്യരെക്കുറിച്ചു ആവർത്തനപുസ്തകം 7-ആം അദ്ധ്യായത്തിൽ കനാന്യരെ തുരത്തണമെന്നും എന്നാൽ പിന്നീട് അവരെ പൂർണ്ണമായും നശിപ്പിക്കുക എന്നും പിന്നീട് അവരുമായി വിവാഹബന്ധത്തിലേർപ്പെടരുത്, അതല്ലെങ്കിൽ അവരുമായി ബിസിനസ്സ് ഇടപാടുകളിൽ ഏർപ്പെടരുത് എന്നും വിലക്കുന്നതായി നാം കാണുന്നു. അതായത്, അവർ കൊന്നുകളഞ്ഞ ഒരാളെ അവർക്കു വിവാഹം കഴിക്കാൻ കഴിയില്ല എന്നു നമുക്കറിയാം. യോശുവയിലെ കഥകൾക്കും അതേ ആശയം ബാധകമാകുമെന്ന് ഞാൻ കരുതുന്നു. ഉദാഹരണത്തിന്, യോശുവ 10-‍ാ‍ം അദ്ധ്യായത്തിൽ ഹെബ്രോൻ നഗരങ്ങളിൽ കാനാന്യരെ ആരേയും ശേഷിപ്പിച്ചില്ലെന്ന് പറയുമ്പോഴും 15-‍ാ‍ം അദ്ധ്യായത്തിൽ, ഈ പട്ടണങ്ങളിൽ അപ്പോഴും കാനാന്യർ ഉണ്ടായിരുന്നതായി നാം കാണുന്നു. അതിനാൽ ആഖ്യാനശൈലിയുടെ ഭാഗമായി അക്ഷരീകമല്ലാതെ അതിശയോക്തി ഭാഷ ഉപയോഗിച്ച് യോശുവ മറ്റ് പുരാതന യുദ്ധ വിവരണ ശൈലിയിൽ ഇത് എഴുതി എന്നാണ് അതിൽ നിന്നും നമുക്കു മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനാൽ വംശഹത്യ എന്ന വാക്ക് യഥാർത്ഥത്തിൽ നാം ഇവിടെ കാണുന്നതുമായി യോജിക്കുന്നില്ല, പ്രത്യേകിച്ചും കനാന്യരെക്കുറിച്ചുള്ള കഥകളുടെ വെളിച്ചത്തിൽ, ഇസ്രായേലിന്റെ ദൈവത്തിലേക്കു തിരിഞ്ഞ രാഹാബിനെ പ്പോലെയുള്ളവരേയും ഗിബയോന്യരെ പോലെയുള്ളവരേയും ദൈവം അവിടെ വസിക്കുവാൻ അനുവദിച്ചു എന്നു നാം കാണുന്നു.

അവസാനമായി ചിന്തിക്കേണ്ടത്, ഈ കഥകൾ ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു സവിശേഷ നിമിഷത്തെ അടയാളപ്പെടുത്തുന്നു എന്നതാണ്. ഈ യുദ്ധങ്ങൾ കനാൻ ദേശത്ത് താമസിച്ചിരുന്ന ഒരു പിടി ജനവിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നു കാണാം. മറ്റു രാജ്യങ്ങളുമായി സമാധാനം പിന്തുടരാൻ ഇസ്രായേലിനോട് ദൈവം കൽപ്പിച്ചത് ആവർത്തനം 20-‍ാ‍ം അധ്യായത്തിൽ നാം വായിക്കുന്നു. അതിനാൽ ഈ യുദ്ധ കഥകളുടെ ഉദ്ദേശ്യം ഒരിക്കലും വായനക്കാരോട് നിങ്ങൾ പോയി ദൈവത്തിന്റെ നാമത്തിൽ അക്രമം പ്രവർത്തിക്കണം എന്നല്ല.

ചരിത്രത്തിലെ ഒരു അതുല്യ നിമിഷത്തിൽ ദൈവം മനുഷ്യന്റെ തിന്മക്കെതിരെ തന്റെ നീതി കൊണ്ടുവന്നുവെന്നും കനാന്യരാൽ യിസ്രായേൽ ഉന്മൂലനം ചെയ്യപ്പെടാതിരിപ്പാൻ അവരെ വിടുവിച്ചതെങ്ങനെയെന്നും കാണിച്ചതിനു ശേഷം അവരുടെ അതിരുകൾ നിശ്ചയിക്കുന്ന അദ്ധ്യായം നൽകിയിരിക്കുന്നു. ഒരു പക്ഷെ 15-‍ാ‍ം അദ്ധ്യായത്തിലെ ഈ ഭാഗങ്ങൾ ഏറ്റവും ബോറിംഗായി വായനക്കാർക്ക് അനുഭവപ്പെട്ടേക്കാം. ഒരുപക്ഷെ ആ ഭൂപ്രദേശത്തിന്റെ ഒരു ഭൂപടം നൽകിയിരുന്നുവെങ്കിൽ അത് വായനക്കാർക്ക് പെട്ടെന്നു മനസ്സിലാക്കാൻ കഴിയുമായിരുന്നു. ഉദാഹരണമായി ഇന്ത്യയുടെ അതിർത്തിയെക്കുറിച്ചു നാം വാക്കുകളിൽ രേഖപ്പെടുത്തിയാൽ അതെങ്ങനെയിരിക്കുമെന്ന് ചിന്തിക്കുക. എന്നാൽ യിസ്രായേലിനെ സംബന്ധിച്ച് ഈ ഭൂപടം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അബ്രഹാമിന്റെ സന്തതികൾക്ക് വാഗ്ദത്തഭൂമി അവകാശമായി നൽകുമെന്ന ദൈവത്തിന്റെ പുരാതന വാഗ്ദാനങ്ങൾ നിറവേറ്റിയതിനെ കാണിക്കുന്ന വിവരണമായി ഇതിരിക്കുന്നു.

യോശുവയുടെ അവസാനപ്രസംഗങ്ങൾ (Joshua's last sermons)
ഇപ്പോൾ നാം ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തിലേക്ക് നയിക്കുന്ന വിശദാംശങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ജോഷ്വ ജനങ്ങൾക്ക് മുൻപിൽ രണ്ട് പ്രസംഗങ്ങൾ നടത്തുന്നു. ആവർത്തനപുസ്തകത്തിലെ മോശയുടെ അവസാന പ്രസംഗങ്ങളുമായി അവ വളരെ സാമ്യമുള്ളതാണ്. ദൈവത്തിന്റെ ഔദാര്യത്തെക്കുറിച്ച് യോശുവ അവരെ ഓർമ്മിപ്പിക്കുന്നു, അവൻ അവരെ കനാൻനാട്ടിലേക്ക് കൊണ്ടുവന്ന്, ആ ദേശവാസികളിൽ നിന്ന് അവരെ സംരക്ഷിച്ചു. അതിനാൽ കനാന്യ ദേവന്മാരിൽ നിന്ന് പിന്തിരിഞ്ഞ് യഹോവയോടു വിശ്വസ്തരായിരിക്കാൻ അവൻ അവരെ ആഹ്വാനം ചെയ്യുന്നു.

അവരുമായി ദൈവം ഉണ്ടാക്കിയ ഉടമ്പടിയോടു വിശ്വസ്തത പുലർത്തിയാൽ അവർ ദേശത്ത് ജീവിക്കുന്നതിനും അനുഗ്രഹിക്കപ്പെടുന്നതിനും ഇടയാക്കും. എന്നാൽ അവർ അവിശ്വസ്തരായെങ്കിൽ, കനാന്യർ അനുഭവിച്ച അതേ ദൈവികവിധി ഇസ്രായേലിനും വരും. ദേശം അവരെ നിരസിക്കും. അവർ പ്രവാസത്തിലേക്ക് പോകേണ്ടതായ് വരും. അങ്ങനെ യോശുവ ഇസ്രായേലിനു ഒരു തെരഞ്ഞെടുപ്പിനുള്ള അവസരം മുന്നോട്ടു വെയ്ക്കുന്നു. യോശുവ 24:15 “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” യോശുവ തന്റെ തീരുമാനം വളരെ വ്യക്തമായി അവരെ അറിയിക്കുന്നു: ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” നിങ്ങളോ? അതിന്റെ ശേഷം നൂന്റെ മകനായ യോശുവനൂറ്റുമുപ്പത്തെട്ടു വയസ്സുള്ളവനായി മരിച്ചു. ഇസ്രായേൽ എന്താണ് ചെയ്യാൻ പോകുന്നത്? കഥ അവസാനിക്കുമ്പോൾ അത് വലിയ ചോദ്യമായി നിൽക്കുന്നു; എന്നാൽ ഇതാണ് യോശുവയുടെ പുസ്തകം.
*******

© 2020 by P M Mathew, Cochin

bottom of page