top of page

രക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത!

Need for Salvation!

(എഫെസ്യർ 2: 1-10)

ദൈവത്തെക്കുറിച്ച് എഴുതപ്പെട്ട പ്രസിദ്ധ ഗ്രന്ഥങ്ങളിൽ ഒന്നായ ജോൺ കാൽവിന്റെ ഇൻസ്റ്റിറ്റ്യൂട്സ് എന്ന പുസ്തകം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “Nearly all the wisdom we possess, that is to say, true and sound wisdom, consists of two parts; the knowledge of God and ourselves.” നാം സ്വായത്തമാക്കിയിരിക്കുന്ന സകല ജ്ഞാനവും, അതായത് സത്യവും ശുദ്ധവുമായ ജ്ഞാനം- രണ്ടു ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്.  ആ ഭാഗങ്ങൾ ദൈവത്തെ കുറിച്ചുള്ള അറിവും മനുഷ്യനെ കുറിച്ചുള്ള അറിവും ആണ്.  ഈ കാലഘട്ടത്തിൽ നമ്മെ ഓർമ്മിപ്പിക്കേണ്ടുന്ന ഒരു വസ്തുതയെന്തെന്നാൽ, ദൈവത്തെകുറിച്ചുള്ള അറിവ് ഉൾക്കൊള്ളുവാനും അധീനമാക്കുവാനും കഴിയാത്തതു പോലെതന്നെ മനുഷ്യനെകുറിച്ചുള്ള അറിവും മനസ്സിലാക്കുവാനും അധീനമാക്കുവാനും വളരെ പ്രയാസമുള്ള സംഗതിയാണ്. ഇത് കൂടുതൽ ബുദ്ധിമുട്ടായി ഇരിക്കുവാനുള്ള കാരണം നമ്മെക്കുറിച്ചുള്ള ശരിയായ അറിവ്, ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് കൂടാതെ സാദ്ധ്യമാവുകയില്ല എന്നതിനാലാണ്.  രണ്ടാമതായി,  നമ്മെക്കുറിച്ച് ശരിയായി നാമറിയുന്നു എന്ന ചിന്തയും നമ്മെ മനസ്സിലാക്കുവാൻ തടസ്സമായി നിൽക്കുന്നു.   വാസ്തവത്തിൽ, നമ്മുടെ അവസ്ഥയുടെ ശരിയായ ആഴം ഗ്രഹിക്കുന്നതിന് ദൈവത്തിന്റെ സഹായം കൂടിയെ തീരു.

യിരമ്യാ പ്രവചനം 17:9 ൽ പ്രവാചകൻ പറയുന്നു: “ഹൃദയം എല്ലാത്തിനേക്കാളും കപടവും വിഷമവും ഉള്ളത്; അത് ആരാഞ്ഞറിയുന്നവർ ആർ?”” വീണ്ടും സങ്കീർത്തനം 19:12 സങ്കീർത്തനക്കാരനായ ദാവീദു പറയുന്നതു : “തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ?  മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കേണമേ.”  നാം നമ്മുടെ പാപത്തിന്റെ അടിത്തട്ടുവരെ എത്തുന്നില്ല. നമ്മുടെ പാപത്തിന്റെ പൂർണ്ണ അവസ്ഥയെക്കുറിച്ച് നാം മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു നമ്മുടെ പാപക്ഷമയെങ്കിൽ നാം എല്ലാം നശിച്ചുപോകുമായിരുന്നു.  ആരും തന്നെ തങ്ങളുടെ പാപത്തിന്റെ വ്യാപ്തിയെക്കുറിച്ച് അറിയുന്നില്ല നാം അറിയുന്നതിനേക്കാൾ അതിന്റെ ആഴം വലുതാണ്. ഉദാഹരണമായി, സമുദ്രത്തിൽ ചിലയിടങ്ങളിൽ വളരെ ആഗാഥമായ കയങ്ങൾ ഉണ്ട്. അതിലേക്ക് ഹിമാലയപർവ്വതം ഇറക്കിവെച്ചാൽപോലും അതിന്റെ അഗ്രം ജലനിരപ്പിന്നടുത്തെങ്കിലും കാണപ്പെടുകയില്ല.  അതുപോലെതന്നെയാണ് നമ്മുടെ പാപത്തിന്റെ ആഴവും.

എന്നാൽ ബൈബിൾ, നമ്മെ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു ഗ്രന്ഥമാണ്. ബൈബിളിനു നമ്മുടെ ആത്മാവിന്റെ നാശകരമായ അവസ്ഥയെ സംബന്ധിച്ചു വളരെ വ്യക്തമായ സന്ദേശമുണ്ട്. നമുക്കു എന്താണ് ആവശ്യമെന്ന്  നാം അറിയുകയും നമ്മുടെ ആവശ്യം ദൈവം നൽകുമ്പോൾ, നാം അതിൽ സന്തോഷിക്കയും ചെയ്യണം; അതിനുവേണ്ടിയാണ് ബൈബിൾ അങ്ങനെ ചെയ്തിരിക്കുന്നത്.

 

യോഹന്നാൻ 3 7 ൽ “നിങ്ങൾ വീണ്ടും ജനിക്കണം” എന്ന് പറയുന്നു. യോഹന്നാൻ 3:3 ൽ “നിങ്ങൾ പുതുതായി ജനിക്കുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യം കാണ്മാൻ ആർക്കും കഴികയില്ല” എന്നും പറയുന്നു. ഇത് വളരെ ഗൗരവമായ ഒരു കാര്യമാണ്.  സ്വർഗ്ഗവും നരകവും ഒരുപോലെ നമ്മുടെ മുമ്പാകെ ഇരിക്കുന്നു; നാം വീണ്ടും ജനിക്കുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യം കാണാൻ നമുക്ക് കഴിയില്ല എന്നത് വ്യക്തം. ആകയാൽ എന്തുകൊണ്ടു നാം വീണ്ടും ജനിക്കണം?  എന്താണ് അതിന്റെ ആവശ്യം?  മറ്റൊരു പ്രതിവിധിയും അതിനുപകരമായി അവശേഷിക്കുന്നില്ലേ? ഒരു പുതിയ തുടക്കമൊ, ധാർമ്മികമായ മെച്ചപ്പെടലൊ, സ്വയശിക്ഷണമൊ പോരെ? എന്തുകൊണ്ടാണു സമൂലമായ, ആത്മീയവും അമാനുഷികവുമായ വീണ്ടും ജനനത്തിന്റെ ആവശ്യം? അതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

അതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു വേദഭാഗം നമുക്ക് ഇപ്പോൾ വായിക്കാം:  എഫേസ്യർ രണ്ടാം അദ്ധ്യായം അതിന്റെ 1-10 വരെ വാക്യങ്ങൾ : “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയർപ്പിച്ചു.  അവയിൽ നിങ്ങൾ മുമ്പേ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.  അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു. കരുണാ സമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന  നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും -കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു- ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്ത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയർത്തെഴ്ന്നേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു. കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.  നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” (എഫെസ്യർ 2: 1-10).

രോഗനിർണയം: നാം മരിച്ചവർ ആകുന്നു

ഈ വേദഭാഗത്തു രണ്ടു പ്രാവശ്യം ആവർത്തിച്ചു കാണുന്ന ഒരു പ്രയോഗമാണ് : “മരിച്ചവർ” എന്നുള്ളത്. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ (1). “അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ”(5).  ഇവിടെ പറയുന്ന “മരണം” ശാരീരികമോ ധാർമികമൊ അല്ല; കാരണം ഒന്നാം വാക്യത്തിലെ “അനുസരിച്ചു” “നടന്നു” “ജഡത്തിന്റെ മോഹങ്ങൾ നിവൃത്തിച്ചു,”  “മനോവികാരങ്ങൾക്കു ഇഷ്ടമായത് ചെയ്തു” എന്നിത്യാദി പ്രയോഗങ്ങൾ ശാരീരികമായി ജീവൻ ഉള്ളവർ എന്നു കാണിക്കുന്നു. യേശുവിൻ വിശ്വസിക്കുന്നതിനുമുമ്പുള്ള ഒരു വ്യക്തിയുടെ അവസ്ഥ എന്ന് പറയുന്നത് “മരിച്ച അവസ്ഥയാണ്.” പാപം ചെയ്യാതിരിക്കാൻ തക്കവിധം മരിച്ചു എന്നല്ല ദൈവത്തിന്റെ മഹത്വം കാണുവാനോ അനുഭവപ്പെടാനോ കഴിയാത്തവിധം മരിച്ചിരിക്കുന്നു. അനുസരണത്തിനു മരിച്ചവർ; എന്നാൽ അനുസരണക്കേടു കാണിക്കുവാൻ ജീവൻ ഉള്ളവർ; നീതിക്ക് മരിച്ചവർ; നീതികേട് പ്രവർത്തിക്കുന്നതിനു ജീവൻ ഉള്ളവർ. വിശ്വാസത്തിനു മരിച്ചവർ;  എന്നാൽ അവിശ്വാസത്തിനു ജീവൻ ഉള്ളവർ. വിശുദ്ധിയെ സംബന്ധിച്ച്, മത്സരത്തോടും ഹൃദയകാഠിന്യത്തോടും നാം പ്രതികരിക്കുന്നതിനാൽ, ദൈവത്തിന്റെ നമ്മോടുള്ള സ്വാഭാവികവും നീതിപൂർവവുമായ പ്രതികരണം ദൈവകോപമാണ്.

ചുരുക്കി പറഞ്ഞാൽ,  നാം കേവലം തടവറയിൽ കിടന്നവർ ആയിരുന്നില്ല. മറിച്ച്, മരിച്ചു മോർച്ചറിയിൽ സൂക്ഷിക്കപ്പെട്ടവർ ആയിരുന്നു.  ആ അവസ്ഥയിൽ നമുക്ക് ഒരു തീരുമാനമെടുത്ത് ഒരു പുതിയ തുടക്കം കുറിക്കുവാൻ കഴിയുമായിരുന്നില്ല.  നമുക്ക് വേണ്ടത് വീണ്ടും ജനനമായിരുന്നു. നമുക്ക് വേണ്ടത്, ഈ മൃതാവസ്ഥയിൽ നിന്ന് ജീവിപ്പിക്കുന്ന ഒരു രക്ഷകനെ ആയിരുന്നു. ഒരു രക്ഷകനെ കൂടാതെ ആത്മീയമായ യാതൊന്നിനോടും ഒരു ചായ്വ്, ഒരു പ്രതിപത്തി ഇല്ലായിരുന്നു. ആത്മീയമായ ജീവൻ നമ്മിൽ ഇല്ലായിരുന്നു. ആകയാൽ എന്റെ പാപം ക്ഷമിച്ചുകിട്ടുക മാത്രമായിരുന്നില്ല, എന്നാൽ ദൈവത്തിലേക്ക് ചായുന്നതിനും ദൈവത്തെ അനുസരിക്കുന്നതിനും ആത്മീയ ജീവൻ ആവശ്യമായിരുന്നു.

ചുരുക്കി പറഞ്ഞാൽ, രക്ഷിക്കപ്പെടുന്നതിനുമുൻപ്  നാം വാസ്തവത്തിൽ മോർച്ചറിയിൽ കിടന്നവരായിരുന്നു. നമ്മുടെ ചിന്തകളും അനുഭവങ്ങളും, നാം ചെയ്തതുമായ കാര്യങ്ങളും പരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ ആയിരുന്നില്ല,  മറിച്ച് ജഡത്തിന്റെ പ്രവർത്തികൾ ആയിരുന്നു. നാം ചിന്തിച്ചതോ പ്രവർത്തിച്ചതോ ആത്മാവിന്റെ പ്രവർത്തികൾ ആയിരുന്നില്ല,  കാരണം നാം ആത്മീയമായി മരിച്ചവരായിരുന്നു, നമ്മുടെ ജന്മനായുള്ള പ്രകൃതിയിൽ നിന്നും വന്ന കാര്യങ്ങളായിരുന്നു.  നമ്മുടെ പ്രകൃതി എന്നതോ കോപത്തിന്റെ മക്കൾ എന്നതും.

രക്ഷകനെ കൂടാതെയുള്ള നമ്മുടെ അവസ്ഥ എത്ര ഭയാനകം എന്ന് നോക്കുക. ആത്മീയ ജീവനില്ലാതെ നാം മരിച്ചവർ.  ഒരുപക്ഷേ നിങ്ങൾ പറയുമായിരിക്കും “നല്ല നല്ല കാര്യങ്ങൾ ചെയ്യുന്ന അനേകം ആളുകളെ എനിക്കറിയാം എന്ന്.”  നിങ്ങൾ അങ്ങനെ പറയുന്നത് ദൈവത്തെക്കുറിച്ച് ഒരു ശരിയായ കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടാണ്.  പാപമെന്താണ്,  നീതി എന്താണ്,  എന്ന് നിങ്ങൾ വിധിക്കുമ്പോൾ നിങ്ങൾ മനുഷ്യനെ,  മനുഷ്യനോട് തുലനപ്പെടുത്തി ചിന്തിക്കുന്നു. അവിടെ നിങ്ങൾ മനുഷ്യനെ ദൈവത്തോട് തുലപ്പെടുത്തി ചിന്തിക്കുമ്പോഴെ അതിന്റെ വ്യത്യാസം ഗ്രഹിക്കാൻ കഴിയുകയുള്ളു. നാം ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്!  നമ്മുടെ എല്ലാ സ്നേഹത്തിനും, വിശ്വാസത്തിനും, ബഹുമാനത്തിനും നന്ദിക്കും അനുസരണത്തിനും ആരാധനക്കും യോഗ്യനാണ് അവിടുന്ന്. നാം ഹോസ്പിറ്റലുകൾ പണിയുന്നുണ്ടാകാം, അനാഥരെ പുലർത്തിയിട്ടുണ്ടാകാം, സ്കൂളുകൾ നിർമ്മിച്ച് അജ്ഞരെ പഠിപ്പിച്ചിട്ടുണ്ടാകാം. എന്നാൽ ഇവയെല്ലാം ദൈവത്തിലുള്ള വിശ്വാസത്തിൽ നിന്നല്ല ഉത്ഭവിക്കുന്നത് എങ്കിൽ,  അവന്റെ മഹത്വത്തിനു വേണ്ടിയല്ല ചെയ്യുന്നതെങ്കിൽ,  മറ്റുള്ളവരുടെ ആത്മരക്ഷയെ  സംബന്ധിച്ച കാഴ്ചപ്പാടിലല്ല,  നാമത്  ചെയ്യുന്നത് എങ്കിൽ ദൈവത്തോടുള്ള ബന്ധത്തിൽ നാം പാപം ചെയ്യുന്നു.

റോമർ 14:23 ൽ എന്താണ് വായിക്കുന്നത്: “വിശ്വാസത്തിൽ നിന്നും ഉത്ഭവിക്കാത്തതെന്തും പാപമാണ്.”  കൂടാതെ ദൈവത്തിന്റെ മഹത്വത്തിന് നിരക്കാത്തതും പാപമാണ് (റോമർ 3:23;  1 കൊരിന്ത്യർ 10: 31). ദൈവത്തിലേക്ക് നോക്കാതെ മനുഷ്യർക്ക് നന്മ ചെയ്താലും അത് പാപം തന്നെയാണ്.  രക്ഷകനെ കൂടാതെ നാം ചെയ്യുന്നതും പാപം തന്നെ.  കാരണം, പ്രകൃതിയാൽ  നാം മരിച്ചവർ ആയിരുന്നു.  ആകയാൽ, രക്ഷകനാൽ ജീവിപ്പിക്കപ്പെടുന്നതുവരെ നാം ചെയ്യുന്നതെന്തും, ആത്മീകമാകുന്നില്ല. അവയൊക്കെയും നമ്മുടെ ജഡത്തിൽ നിന്നു വരുന്നതാണ്. ആകയാൽ,  രക്ഷകനെ കൂടാതെ,  നാം സൽപ്രവർത്തികൾ എന്ന് കരുതി ചെയ്യുന്നതെന്തും ദൈവത്തിന് മുമ്പാകെ കറപുറണ്ട പഴന്തുണിക്കഷണം പോലെയാണ്.

മനുഷ്യൻ രക്ഷിക്കപ്പെടുന്നതിനു മുന്നമെ, ജീവനിലേക്കു പ്രവേശിക്കുന്നതിനു മുന്നമേ, അവനെ പാപകരമായ ജീവിതത്തിനു അടിമകളാക്കി വെച്ചിരുന്ന അതല്ലെങ്കിൽ മരിച്ച അവസ്ഥയിൽ ആക്കി വെച്ചിരുന്ന മൂന്ന് ശക്തികളെ കുറിച്ച് പൗലോസ് വിശദീകരിക്കുന്നു.  “ഈ ലോകത്തിന്റെ കാലഗതിയേയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അതിപതിയായവനെയും അനുസരിച്ചു നടന്നു.  അവരുടെ ഇടയിൽ നാമെല്ലാവരും മുമ്പെ നമ്മുടെ ജാഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു” നടന്നവർ അഥവാ ജീവിച്ചവർ ആയിരുന്നു. ഈ ലോകം, സാത്താൻ, ജഡം എന്നിവയാണ് മൂന്ന് ശക്തികൾ.  ഈ ശക്തികളെ ഓരോന്നായി പരിചയപ്പെടാം.

ലോകം

പാപത്തിന്റെ അടിമത്വത്തിൽ സൂക്ഷിച്ചിരുന്ന ഒന്നാമത്തെ ശക്തി എന്നു പറയുന്നത് ഈ ലോകമാണ്. ഈ ലോകം എന്നത് ആക്ഷരീകമായ സൃഷ്ടി എന്ന നിലയിലല്ല, തിന്മ നിറഞ്ഞ ഈ ലോകത്തെ കുറിക്കുവാനാണ്. വേദശാസ്ത്രപരമായി പറഞ്ഞാൽ, ദൈവത്തോടു മത്സരിച്ചു നിൽക്കുന്ന, ദൈവത്തെയോ ദൈവകല്പനകളെ മാനിക്കാത്ത ജനസമൂഹത്തെ ഉദ്ദേശിച്ചാണ്. അതായത്, ക്രിസ്തീയമല്ലാത്ത മറ്റു മതങ്ങൾ, Ideologies- ആശയങ്ങൾ,  philosophies-തത്വശാസ്ത്രങ്ങൾ,  values-മൂല്യങ്ങൾ, Economic systems- സാമ്പത്തിക സംവിധാനങ്ങൾ. അതുകൂടാതെ ലൗകികമായ peer pressure -സാഹചര്യങ്ങളുടെ സമ്മർദ്ദം, ഫാഷൻ,  മീഡിയ എന്നിവയെല്ലാം തന്നെ ഈ ലോകം എന്നു പറയുന്നതിൽ വരും. നാം കാണുന്ന സിനിമകൾ, സീരിയലുകൾ,  ഫാഷൻ പരേഡുകൾ ഇവയൊക്കെ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മെ സ്വാധീനിക്കുന്നുണ്ട്.  ദൈവത്തേയും ദൈവത്തിന്റെ മൂല്യങ്ങളെയും മാറ്റിനിർത്തി ദൈനം-ദിന ജീവിതം നയിക്കുന്നതിന് ആവശ്യമായ പ്രമാണം ഈ സ്വാധീനങ്ങൾക്ക് നൽകുവാൻ കഴിയും. ലോകം ഏതു രീതിയിൽ പോകുന്നുവൊ ആ രീതിയിൽ പോകുവാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. 

സാത്താൻ

പാപത്തിന്റെ അടിമത്തത്തിൽ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ ശക്തി എന്നു പറയുന്നത് സാത്താനാണ് “പ്രിൻസ് അഥവാ റൂളർ” എന്ന് അവനെയും അവന്റെ  പ്രവർത്തിയേയും വിശേഷിപ്പിച്ചിരിക്കുന്നു. Ruler of this world” ( യോഗ 12: 31; 14:30; 16 11).  “Ruler of Demons””( മത്തായി 9:34; 12:34 മർക്കോസ് 3:22; LK 11:15). ദാനിയേൽ 10:13, 20 എന്നിവിടങ്ങളിൽ “Ruler of the Persians”, “Ruler of the Greeks” എന്നും വിളിച്ചിരിക്കുന്നതു കാണാം. 

സാത്താനും തന്റെ കിങ്കരന്മാരും നിയന്ത്രണവിധേയമാക്കിയിരിക്കുന്ന അതല്ലെങ്കിൽ അടക്കിവാഴുന്ന മേഖല എന്ന് പറയുന്നത് ആകാശമാണ്.  ഈ ഭൂതങ്ങൾ അവിശ്വാസികളായ മനുഷ്യരിൽ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തെ ഉപേക്ഷിച്ചു ജീവിക്കുന്നവർ എല്ലാ തിന്മയിലും ജീവിക്കുന്നതു ഇവയുടെ സ്വാധീനത്താലാണ്. ഈ വഞ്ചനയുടെ ആത്മാവ്, എല്ലാ തിന്മകളും ചെയ്യിക്കുവാൻ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് യഹൂദ പുസ്തകങ്ങളിൽ കാണുന്നു.

ജഡം

2:3 a-b അവിശ്വാസികളായ മനുഷ്യവർഗ്ഗത്തെ പാപത്തിന്റെ അടിമത്വത്തിൽ സൂക്ഷിക്കുന്നതും വിടുതൽ ആവശ്യവുമായ മൂന്നാമത്തെ ശക്തി എന്നു പറയുന്നത് ജഡമാണ്.  ഇതിനെ തിന്മയുടെ സ്വാധീനം എന്ന് വിളിക്കാം. മോഹത്തോടു ബന്ധപ്പെടുത്തി ഇതിനെ പറഞ്ഞിട്ടുണ്ട്. മനുഷ്യനിൽ ജന്മസിദ്ധമായ ബലഹീനത ചാപല്യം, ആശ്രയത്വം എന്നിവയെ കുറിക്കുവാൻ പഴയനിയമത്തിൽ ജഡം എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.  ദൈവാത്മാവിനു വിരോധമായി മനുഷ്യവർഗ്ഗത്തെ അടിമത്തത്തിൻ കീഴിൽ സൂക്ഷിക്കുന്ന ശക്തിയായി ജഡത്തെ മനസ്സിലാക്കാം.  Evil inclination/ തിന്മയോടുള്ള ചായ്വ്  എന്ന അർത്ഥം യെഹൂദാ ആശയത്തിലുണ്ട്.  Good impulse ഉം bad impulse  ഉം തമ്മിലുള്ള പോരാട്ടം എന്നും പറയാറുണ്ട്. മാനുഷിക ബലഹീനതകളെക്കാൾ അധികമായി മനുഷ്യനെ പാപത്തിലേക്ക് നയിക്കുന്ന ശക്തി എന്നൊക്കെ ഇതിനെ പറയുവാൻ കഴിയും.

2:1-2 വാക്യങ്ങളിൽ “നിങ്ങൾ” എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിൽ മൂന്നാം വാക്യത്തിൽ “നമ്മൾ” എന്നാണ് പറയുന്നത്.  അത് എഴുത്തുകാരൻ തന്നേയും തന്റെ കൂടെയുള്ളവരേയും തന്റെ വായനക്കാരോടു ചേർത്ത് പറയുന്നതിനാലാണ്.  അതായത്,  പൗലോസും കൂട്ടരും ക്രിസ്ത്യാനികൾ ആകുന്നതിനു മുൻപ് അവരെ പോലെ ഈ ഒരു അടിമത്വത്തിനു കീഴിൽ കഴിഞ്ഞവരായിരുന്നു. അല്പം കൂടി വിശാലമായി പറഞ്ഞാൽ,  യഹൂദന്മാരും ജാതികളും ഒരുപോലെ,  ലോകം ജഡം പിശാച് എന്നീ ശക്തികളുടെ അടിമത്വത്തിൽ കീഴിൽ കഴിഞ്ഞവരായിരുന്നു. ‘ഒരിക്കൽ’ എന്നത് ക്രിസ്ത്യാനിയാകുന്നതിനു മുന്നമേയുള്ള അനുഭവത്തെ കാണിക്കുന്നു.

മൂന്നാം വാക്യം നമ്മുടെ പ്രശ്നത്തിന്റെ ഗൗരവാവസ്ഥയെ കാണിക്കുന്നു. മനുഷ്യന്റെ പ്രശ്നം മനുഷ്യൻ തന്നെ ആയിരുന്നു.  ലോകവും ജഡവും സാത്താനും ഒക്കെ മനുഷ്യനെ സ്വാധീനിക്കുന്നതിനു മുന്നമെ അവൻ പാപിയായിരുന്നു. പ്രകൃതിയാൽ/ ജന്മനാ മനുഷ്യൻ മരിച്ച അവസ്ഥയിലായിരുന്നു.  ജനിച്ചപ്പോൾ അവന് ഒരു നല്ല പ്രകൃതമായിരുന്നു; പിന്നീട് താൻ ചെയ്ത ദോഷങ്ങൾ ആണ് തന്നെ ഈ മരിച്ച അവസ്ഥയിൽ ആക്കിയത് എന്നല്ല.

സങ്കീ. 51:5 ഇൽ എന്താണ് പറയുന്നത് എന്ന് നോക്കുക: “ഇതാ ഞാൻ അകൃത്യത്തിൽ ഉരുവായി, പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” ഇതാണ് ഞാൻ എന്ന വ്യക്തി. എന്റെ പ്രകൃതി സ്വാർത്ഥത നിറഞ്ഞതാണ്. എന്റെ ചിന്തകളും പ്രവർത്തികളും സ്വാർത്ഥ കേന്ദ്രീകൃതമാണ്. നമ്മുടെ ജീനുകളിൽ അനുസരണക്കേട് ഉണ്ട്.  എന്റെ കുടുംബത്തിൽ മത്സരം വാഴുന്നു. ഞാൻ നന്ദിയില്ലാത്തവനാണ്,  ഇതു നമ്മുടെ പാപപ്രകൃതിയെ കാണിക്കുന്നു. ഇതിനെകുറിച്ച് പറയുമ്പോൾ നമ്മുടെ പെട്ടെന്നുള്ള പ്രതികരണം അങ്ങനെയുള്ള ഒത്തിരി പേരെ എനിക്കറിയാം എന്നായിരിക്കും. മറ്റുള്ളവരുടെ നേരെ നാം കൈ ചൂണ്ടും.  എന്നാൽ സ്വന്ത ഹൃദയത്തിന് നേരെ വിരൽ ചൂണ്ടുന്നവർ എത്ര എത്ര പേരുണ്ട്.  സ്വന്തം ഹൃദയത്തിന്റെ വഞ്ചന മനസ്സിലാക്കാൻ ഞാൻ പൂർണ്ണമായും അന്ധമാണ്.

ഈ അടിമത്തത്തിന്റെ ഫലത്തെ കുറിച്ചാണ് ആണ് 3b പറയുന്നത് അത് നാം കോപത്തിന്റെ മക്കളായിരുന്നു എന്നതാണ്.  മറ്റൊരു രീതിയിൽ പറഞ്ഞാൽ നമുക്ക് അവകാശമായി വരേണ്ടത് ദൈവകോപമാണ്. നമ്മുടെ സ്വാഭാവിക പ്രകൃതി, ദൈവത്തിന്റെ മഹത്വത്തോട്,  മത്സരത്തോടും ഹൃദയകാഠിന്യത്തോടും കൂടി പ്രവർത്തിക്കുന്നതാകയാൽ ദൈവത്തിന്റെ നമ്മോടുള്ള സ്വാഭാവിക പ്രതികരണം ദൈവകോപമാണ്.

ആത്മീയ മരണത്തെ കാണിക്കുന്ന മറ്റു വേദഭാഗങ്ങൾ

  • 1 കൊരിന്ത്യർ 2: 14 “എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല അതു അവനു ഭോഷത്വം ആകുന്നു. ആത്മീകമായി വിവേചിക്കേണ്ടതാകയാൽ അതു അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.”

  • നമ്മുടെ ആത്മാവിനെ ഉണർത്തപ്പെടുന്നതിനുമുൻപ്, നാം നമ്മുടെ മൂല്യങ്ങളെ സംബന്ധിച്ച് നേരായ മാർഗ്ഗം വെടിഞ്ഞവരാണ്,  സുവിശേഷത്തിന്റെ സത്യം ഭോഷത്വമായി നമുക്ക് തോന്നും. മാർഗഭ്രംശം സംഭവിച്ച മൂല്യങ്ങളാണ് നമ്മെ നയിച്ചിരുന്നത്. അതു നമ്മെ സ്വയമായി സത്യം ഗ്രഹിക്കുന്നതിനും രക്ഷിക്കപ്പെടുന്നതിനും  ഇടയാക്കുകയില്ല.

  • റോമർ 3 : 9-12 “ആകയാൽ എന്ത്? നമുക്ക് വിശേഷതയുണ്ടോ? അശേഷമില്ല; യഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്  കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലൊ; നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴി തെറ്റി ഒന്നുപോലെ കൊള്ളരുതാത്തവരായിത്തീർന്നു.  നന്മചെയ്യുന്നവനില്ല, ഒരുത്തൻ പോലുമില്ല.”

  • രക്ഷകനെ കൂടാതെ, നാം പാപത്താൽ ഭരിക്കപ്പെടുന്നവരാണ്. നമുക്കു ദൈവത്തെ അന്വേഷിക്കുന്നതിനു  ഒരു ചായ് വ് ഉണ്ടാകയില്ല. നമ്മുടെ പ്രവർത്തികൾ ഒന്നും നല്ലതല്ല. എല്ലാം മുഖംമൂടി ധരിച്ച പാപങ്ങൾ അത്രേ.

  • റോമർ 6: 17-18 “എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നു എങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിക്ക് ദാസന്മാരായി തീർന്നത് കൊണ്ട് ദൈവത്തിനു സ്തോത്രം”.

  • രക്ഷകൻ നമ്മെ സ്വതന്ത്രരാക്കുന്നതുവരെ  നാമെല്ലാം  പാപത്തിനു അടിമകളായിരുന്നു.  പാപത്തിനു ദാസന്മാർ ആയിരുന്നു.   മത്തായി 8:21 “…. മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ.”

 

“ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവർ” അഥവാ ആത്മീയമായി മരിച്ചവർ. 'മരിച്ചത്' എന്നതുകൊണ്ട് യേശു അർത്ഥമാക്കുന്നത് എന്താണ് എന്ന് നോക്കാം. മത്തായി 23: 27‌-28 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും ആയുള്ളോരേ,  നിങ്ങൾക്ക് ഹാ കഷ്ടം. വെള്ളതേച്ച കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു. അവ പുറമേ അഴകായി ശോഭിക്കുന്നുവെങ്കിലും എങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമേ നിങ്ങൾ നീതിമന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു. അകമേയൊ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.” നീതിമാനെന്നു കരുതുന്ന മരിച്ച മനുഷ്യൻ. മതപരമായ ഭക്തിയും ശുദ്ധിയുമുണ്ടെന്ന് ചിന്തിക്കുന്നവർ വെള്ളയടിച്ച കുഴിമാടങ്ങൾ അത്രേ.

2:3c. മരണം ദൈവത്തിൽനിന്നുള്ള വേർപാടാണ്. ജീവൻ പ്രദാനം ചെയ്യുന്ന ജീവന്റെ ഉറവയായ ദൈവത്തിൽനിന്നും വേർപാട്. അത് ദൈവകോപത്തിന് കാരണമായിത്തീരുന്നു.  “മനുഷ്യന്റെ സകല അഭക്തിക്കും നേരെ ദൈവത്തിന്റെ കോപം വെളിപ്പെട്ടു വരുന്നു” എന്ന് റോമാ ലേഖനം 1:18 ൽ പറയുന്നു.  1 തെസ. 1: 9-10 എന്തു പറയുന്നു എന്ന് നോക്കാം.  “ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും  ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും  താൻ അതിശയവിഷയം ആകേണ്ടതിനും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്തോടുകൂടിയ മഹത്വവും വിട്ടകന്ന് നിത്യനാശം എന്ന  ശിക്ഷാവിധി അനുഭവിക്കും.” മനുഷ്യവർഗ്ഗം കണക്ക് കൊടുക്കേണ്ട ഒരു സമയം ഉണ്ട്.  അന്ന് സുവിശേഷം വിശ്വസിക്കാത്തവർ നിത്യ നാശത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പാണിത്.

ദൈവം സ്നേഹം ആയതുകൊണ്ട് ഈ നിലയിൽ ശിക്ഷിക്കുമൊ എന്ന്  ചിലരെങ്കിലും ചോദിച്ചേക്കാം.  ദൈവത്തിന്റെ കോപം ദൈവസ്നേഹത്തിനു എതിരല്ല. മറിച്ച്, അത് ദൈവ സ്വഭാവമായ വിശുദ്ധിയുടെയും കുറ്റമില്ലായ്മയുടേയും  വെളിപ്പെടൽ ആണ്.  കുറ്റം ഇല്ലായ്മയും വിശുദ്ധിയും ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നു. സൃഷ്ടിയുടെ മത്സരത്തിന് ഉചിതമായ പ്രതികരണം ഉണ്ടാകും. അവസാനം ദൈവം മത്സരികളെ തന്റെ കാൽക്കീഴാക്കുകയും ചെയ്യും (1-10)

  • ഒന്ന്,  പാപത്താൽ നാം സമ്പൂർണ്ണമായും മലിനപ്പെട്ടവരായതുകൊണ്ട് നമുക്കൊരു രക്ഷകൻ ആവശ്യമാണ്

  • രണ്ട്,  നാം സാത്താന് അടിമപ്പെട്ടിരിക്കുന്നു എന്ന കാരണത്താൽ നമുക്കൊരു രക്ഷകൻ ആവശ്യമാണ്.

  • മൂന്ന്, നാം  നരകത്തിനായി വിധിക്കപ്പെട്ടവർ അതല്ലെങ്കിൽ കോപത്തിന്റെ മക്കൾ ആകയാൽ നമുക്കൊരു രക്ഷകൻ ആവശ്യമാണ്.  ഇവിടെയാണ് സുവിശേഷത്തിന്റെ മഹത്വം പ്രകടമാകുന്നത്.

നാം അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നപ്പോൾ ദൈവം ക്രിസ്തുവിനോടുകൂടെ നമ്മെ ഉയർപ്പിച്ചു. അതായത്,  

  1. നാംആകാശത്തിലെ അധികാരത്തിന് അടിമപ്പെട്ട ഈ ലോകത്തിൻറെ കാലഗതി അനുസരിച്ച് നടന്നപ്പോൾ ദൈവം നമ്മെ ക്രിസ്തുവിനോടുകൂടെ ഉയർപ്പിച്ചു തന്നോടുകൂടെ സ്വർഗ്ഗ സ്ഥലങ്ങളിൽ ഇരുത്തി.

  2. നാം കോപത്തിന്റെ മക്കളായി നിത്യനരകത്തിൽ എന്നേക്കും യാതന അനുഭവിക്കേണ്ടവരായിരുന്നപ്പോൾ ദൈവം നമ്മുടെമേൽ കോപം ചൊരിയാതെ, തന്റെ കൃപയുടെ അത്യന്തധനത്തെ കാണിച്ചുകൊണ്ട് നമ്മോടൊപ്പം നിത്യത ചെലവഴിപ്പാൻ ക്രിസ്തുവിൽ തീരുമാനിച്ചു.  ഇതാണ് സഹോദരി സഹോദരന്മാരെ സദ്‌വാർത്ത എന്ന് പറയുന്നത്.

നമുക്ക് മൂന്നാം വാക്യവും ഏഴാം വാക്യം തമ്മിലൊന്നു ബന്ധിപ്പിക്കാം:  കോപത്തിന് മക്കളായിരുന്നപ്പോൾ ദൈവം തന്റെ അന്തമില്ലാത്ത ദയ നമ്മോട് കാണിച്ചു.

രണ്ടാം വാക്യവും ആറാം വാക്യവുമായി ബന്ധിപ്പിച്ചാൽ: ഈ ലോകത്തിന്റെ അധിപതിയാൽ  നാം അടിമയാക്കപ്പെട്ടിരുന്നപ്പോൾ ദൈവം നമ്മെ ആ അടിമത്വത്തിൽ നിന്നും വിടുവിച്ചു ക്രിസ്തുവിനോടൊപ്പം സ്വർഗ്ഗത്തിൽ ഇരുത്തി.

ഒന്നാം വാക്യവും അഞ്ചാം വാക്യവും തമ്മിൽ ബന്ധിപ്പിച്ചാൽ:  നാം പാപത്താൽ മരിച്ചവർ ആയിരുന്നപ്പോൾ ദൈവം ക്രിസ്തുവിനോടുകൂടെ നമ്മെ ഉയർപ്പിച്ചു.

1. കോപത്തിന്റെ  സ്ഥാനത്ത് ദൈവത്തിന്റെ ദയ.

പ്രകൃതിയാൽ നാം കോപത്തിന്റെ മക്കൾ ആയിരുന്നു. ഒരുകാലത്ത് നാം  ദൈവത്തിന്റെ നിയമത്തോടെ മത്സരിച്ചവരും ദൈവത്തിന്റെ കോപപാത്രങ്ങളും ആയിരുന്നു. അങ്ങനെയുള്ളവരോട് ക്രിസ്തുവിന്റെ ദയാപൂർവ്വമായ മുന്നറിയിപ്പുകൾ എന്തൊക്കെയാണെന്നു നോക്കാം:

 

  • മത്തായി 5: 30 “വലംകൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടിയെറിഞ്ഞു കളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്ന് നശിക്കുന്നത് നിനക്ക് പ്രയോജനം അത്രേ.” 

  • മത്തായി 13:42 “മനുഷ്യപുത്വൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽ നിന്ന് എല്ലായിടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്ത് തീച്ചൂളയിൽ വിട്ടുകളയും നമ്മുടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.”

  • മത്തായി 25 46 “ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും.”

  • മത്തായി 8:12 “രാജ്യത്തിന്റെ പുത്രന്മാരെയൊ  ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.”

  • എബ്രായർ 9:27-28 “ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കായി നിയമിച്ചിരിക്കുന്നു.”

 

ഇതൊക്കെയും ദൈവത്തിന്റെ കരുണാപൂർവ്വമായ മുന്നറിയിപ്പുകളാണ്, ചൂണ്ടുപലകകളാണ്. നാം എങ്ങോട്ടാണ് പോകുന്നത്, നമ്മെ കാത്തിരിക്കുന്ന അപകടം എന്താണ് എന്ന് കാണിക്കുന്ന മുന്നറിയിപ്പുകൾ. എന്നാൽ ദൈവത്തിന്റെ കരുണയുടെ നിദർശനമായി ഇതാ വരുന്നു ദൈവത്തിന്റെ വാഗ്ദത്തങ്ങൾ.  “കരുണാ സമ്പന്നനായ ദൈവമോ നമ്മേ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും –കൃപയാലത്രേ നിങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു- ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” എന്നാൽ ദൈവം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ദൈവത്തിന്റെ കൃപയുടെ അളവറ്റ വലിപ്പം ക്രിസ്തുവിൽ നമ്മോടു കാണിപ്പാൻ  ദൈവത്തിനു ദയതോന്നി. അതു എത്രകാലത്തേക്കാണെന്നു നോക്കാം: “വരുംകാലങ്ങളിൽ ഒക്കെയും” ദൈവത്തിന്റെ ദയ നമ്മോടു കാണിക്കേണ്ടതിനാണ്. ഓർക്കുക നിത്യത മുഴുവൻ ദൈവത്തിന്റെ ദയ പ്രദർശിപ്പിക്കേണ്ടതിനാണിത്. ദൈവത്തിന്റെ അളവറ്റ ദയയുടെ ആഴം ഒന്നു നോക്കുക.

2. അടിമത്വത്തിന്റെ സ്ഥാനത്ത്  ദൈവം നമുക്ക് സ്വാതന്ത്ര്യം നൽകി.

രണ്ടാം വാക്യം പ്രകാരം നാം സാത്താന് അടിമകളായിരുന്നു.കാലത്തിനൊപ്പം ചുവടുവെച്ചിരുന്നവർ ഈ ലോകമായിരുന്നു നമ്മുടെ ഭവനം. അതിനുള്ള കാരണം സാത്താൻ അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടാണ്. അനുസരനക്കേടിന്റെ മക്കളിൽ സാത്താനു വളരെ നിർണ്ണായകമായ ഒരു സ്വാധീനമുണ്ടായിരുന്നു. അതല്ലെങ്കിൽ സാത്താന്റെ ശക്തി അവരിൽ വ്യാപിച്ചിരുന്നു. അവൻ മനുഷ്യനെ തന്റെ വഴിയിൽ കൂടിയാണ് നടത്തിയിരുന്നത്. ചിലപ്പോൾ ധാർമ്മികമായി നല്ലവഴി ആയിരിക്കാം. ചിലപ്പോൾ ചീത്തവഴി ആയിരിക്കാം. എന്നാൽ എല്ലായ്പ്പോഴും നമ്മുടെ നടപ്പ് സ്വാർത്ഥപ്രേരിതമായിരുന്നു. മനുഷ്യന്റെ ഹൃദയത്തെ യേശുക്രിസ്തുവിന്റെ സുവിശേഷത്തോടു പ്രതികരിക്കാതിരിക്കുവാൻ തക്കവണ്ണം സാത്താൻ കുരുടാക്കിയിരിക്കുന്നു. ഈ അവസ്ഥ എന്നു പറയുന്നത് പ്രതീക്ഷക്കു തീരെ വകയില്ലാത്ത അവസ്ഥ  ആയിരുന്നു.  എന്നാൽ ദൈവം വിശ്വാസത്താൽ നമ്മേ യേശുക്രിസ്തുവിനോടുകൂടെ ഉയർപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുമാറാക്കി.

3. ലോകത്തിന്റെ അധിപതിയിൽ നിന്നുള്ള വിടുതൽ

നാം മാനസാന്തരപ്പെട്ടപ്പോൾ, ദൈവം നമ്മെ ഈ ലോകത്തിന്റെ അധിപതിയിൽ നിന്നും അതല്ലെങ്കിൽ ഈ ലോകത്തിന്റെ ദൈവത്തിൽ നിന്നുമാണ് നമ്മെ വിടുവിച്ചത്. അതായത്, നാമെല്ലാം ശത്രു പാളയങ്ങളിൽ ആയിരുന്നു. അവർ നമുക്ക് തരുവാനിരിക്കുന്നത് ഒരിക്കലും നമ്മുടെ ഹൃദയത്തെ തണുപ്പിക്കത്തതായിരുന്നില്ല. അപ്പോഴാണ് കർത്താവ് നമ്മെ തേടിയെത്തിയത്. അവന്റെ അധീനതയിൽ നിന്ന് വിടുവിക്കുവാൻ തയ്യാറായത്. അവന്റെ കസ്റ്റഡിയിൽ നിന്നും നമ്മെ വിടുവിച്ച് നമ്മേ സ്വതന്ത്രരാക്കിയത്.

നമ്മേ ജീവനുള്ളവരാക്കിത്തീർത്ത ഈ അത്ഭുതത്തെ യേശു വിളിക്കുന്നത് വീണ്ടും ജനനം എന്നാണ്.  ഒരിക്കൽ നമുക്ക് ആത്മീയമായ ജീവൻ ഇല്ലായിരുന്നു. എന്നാൽ ഈ ആത്മീയ മരണത്തിൽ നിന്നും ദൈവം നമ്മെ ഉയർപ്പിച്ചു. നാം ഇപ്പോൾ ജീവൻ ഉള്ളവരാണ്. യോഹന്നാൻ 3:5 ആത്മാവിനാൽ ജനിക്കണമെന്നും 6:63 പരിശുദ്ധാത്മാവാണ് ജീവൻ നൽകുന്നത് എന്നും പറയുന്നത് ഇതുതന്നെയാണ് അർത്ഥമാക്കുന്നത്.

4. പുതിയ ഉടമ്പടി സ്നേഹം

ഈ വീണ്ടും ജനനത്തിന്റെ പ്രവർത്തി, ജീവിപ്പിക്കുന്ന പ്രവർത്തി ദൈവത്തിന്റെ കരുണാ സമ്പന്നതയിൽ നിന്നും മഹാ സ്നേഹത്തിൽ നിന്നും വരുന്നതാണ്. But God being rich in mercy, because of the great love with which he loved us, even when we were dead in your trespasses, made us alive together with Christ.”

a. ദൈവം നിറയെ സ്നേഹവും കരുണയും കൃപയും ഉള്ള വ്യക്തിയാണ്.

സകലത്തിന്റേയും സൃഷ്ടാവായ ദൈവം നിറയെ സ്നേഹവും കരുണയും കൃപയും ഉള്ള വ്യക്തിയാണ്. ലോകത്തിലെ സകല ജനത്തിന്റേയും  ഇടയിൽ തിന്മ നിലനിൽക്കുന്നതിനാലും പാപത്തിന്റെ വ്യാപാരശക്തിയാലും ദൈവത്തിന് പാപത്തിനു നേരെയുള്ള കോപത്തിന്റെ വെളിപ്പെടലായി തന്റെ സൃഷ്ടിയെ ഒന്നടങ്കം നശിപ്പിച്ചാലും ദൈവത്തെ ആർക്കും കുറ്റം പറവാൻ കഴിയുകയില്ല. എന്നാൽ ഇത് ദൈവത്തിന്റെ സ്വഭാവത്തിന്റെ സമ്പൂർണമായ ഒരു ചിത്രമല്ല. പാപത്തിന്റേയും അതിക്രമത്തിന്റേയും  നേരെ ദൈവം കോപിക്കുന്നു എങ്കിലും ദൈവം കരുണയിൽ മഹാസമ്പന്നനും, നിറയെ സ്നേഹവും,  ദയയിൽ സമൃദ്ധിയും, അനുകമ്പയുള്ള ഒരു ഹൃദയത്തിനു ഉടമയാണ്.  അതുകൊണ്ട് യേശുക്രിസ്തുവിലൂടെ തിന്മയുടെ ഈ നിർബന്ധ സ്വാധീനത്തിൽനിന്ന് ഒരു രക്ഷാമാർഗ്ഗം ഒരുക്കുകയും ഒരു പുതിയ ജീവൻ നമ്മിൽ പകരുകയും ചെയ്തു. ഇതു തന്റെ ദയയിൽ അട്സ്ഥാനപ്പെട്ടതും കൃപയാലുള്ള ദാനവുമാണ്. നമ്മുടെ പാപത്തിന്റെ അടിമത്വവും ആത്മീകമായ മരണവും ഈ ദാനം ലഭിക്കുവാൻ നമ്മേ അയോഗ്യരും അതിനുവേണ്ടി എന്തെങ്കിലും ചെയ്യുവാൻ,  ഒരു ചെറുവിരൽ പോലും അനക്കുവാൻ കഴിയാത്തവരുമായിരുന്നു. ഈ ദാനം തികച്ചും  വിശ്വാസം മൂലം നമുക്ക് ലഭിക്കുന്നതാണ്.

ദൈവത്തിന്റെ ഏതെങ്കിലും ഒരു ആനുകൂല്യം നാം പ്രാപിക്കണമെങ്കിൽ അതിന് ഏതെങ്കിലും നിലയിലുള്ള സൽപ്രവർത്തികൾ, നന്മ പ്രവർത്തികൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നാണ് ലോകത്തെമ്പാടുമുള്ള മതങ്ങളും തത്വസംഹിതകളും പഠിപ്പിക്കുന്നത്. ദൈവത്തിന്റെ ആനുകൂല്യം നേടുവാൻ ഏതെങ്കിലും നിലയിലുള്ള സൽപ്രവർത്തികളിലൂടെ ഉള്ള ശ്രമത്തെ പൗലോസ് എതിർക്കുന്നു.

അദ്ദേഹം രക്ഷയെ ദൈവത്തിന്റെ  ദയയോടും സ്നേഹത്തോടും കരുണയോടും മാത്രമാണ് ബന്ധിപ്പിക്കുന്നത്. എന്നാൽ ഇന്ന് ക്രിസ്തീയ സമുദായങ്ങൾ പോലും ദൈവം മനുഷ്യന്റെ സൽപ്രവർത്തികളിൽ സംപ്രീതനായി രക്ഷ നൽകും എന്ന് ചിന്തിക്കുന്നു. എന്നാൽ പൗലോസ് രക്ഷ ദൈവത്തിന്റെ ഒരു ദാനവും അതിനുള്ള ഏകകാരണം ദൈവത്തിന്റെതന്നെ സ്നേഹവും കരുണയും കൃപയും ആണ് എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നു.

രക്ഷ എന്നത് കേവലം പാപമോചനം മാത്രമല്ല, അത് ദുഷ്ടാത്മാസേനകളുടെ മേലുള്ള യേശുക്രിസ്തുവിന്റെ അധികാരത്തിലും ശക്തിയിലും ഉള്ള ഒരു പങ്കാളിത്തം കൂടിയാണ്. 1:7 ൽ പറയുന്നതുപോലെ പാപത്തിന്റെ മോചനം അതിൽ അടങ്ങിയിരിക്കുന്നു എങ്കിലും പൗലോസ് ഊന്നൽ നൽകുന്നത് നമ്മുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്ന ശക്തികളിൽ നിന്നുള്ള വിടുതലും ഉൾക്കൊള്ളുന്നു എന്നതിനാണ്. ക്രിസ്തുവിന്റെ ഉയർത്തെഴുനേൽപ്പിലും ഉയർച്ചയിലും ഉള്ള നമ്മുടെ യഥാർത്ഥമായ പങ്കാളിത്തത്തിലൂടെയാണ് ഇത് എന്നതിന് കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് ഈ കാര്യം നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. “in Christ” അഥവാ “ക്രിസ്തുവിൽ” എന്ന പ്രയോഗം ക്രിസ്തുവിനോടു ഐക്യദാർഢ്യം സ്ഥാപിച്ചിരിക്കുന്നു എന്ന അനുഭവത്തെ കാണിക്കുന്നതാണ്.

ഈ ശക്തികൾ ഇപ്പോൾ നിലനിൽക്കുന്നു എങ്കിലും അവരുടെ നമ്മുടെ മേലുള്ള പിടി ആയഞ്ഞിരിക്കുന്നു.  വിശ്വാസികൾക്ക് ദൈവം തങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുന്നതിനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം അതിനുള്ള ശക്തി അഥവാ അതിനുള്ള ശാക്തീകരണം നമുക്കുണ്ട്.

ഇനിയും നമുക്കു ദുർന്നടപ്പിലൊ പോർണൊഗ്രാഫിയിലൊ,  മോഷണത്തിനോ, അനുസരണക്കേടിനൊ കുടുംബകലഹത്തിലോ നാം മുമ്പ് ജീവിച്ചിരുന്ന പോലെ ജീവിക്കേണ്ട ആവശ്യമില്ല.  ഇവയെ അതിജീവിക്കുവാൻ ആവശ്യമായ പുനരുദ്ധാന ശക്തി നമുക്ക് ലഭ്യമാണ്.  നാമത് പ്രയോജനപ്പെടുത്തി പാപത്തെ അതിജീവിക്കണം. എഫേസ്യാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തുടർന്നുള്ള ദുഷ്ടാത്മസേനകളുടെ തുടർന്നുള്ള സ്വാധീനത്തെ സംബന്ധിച്ച ഭയം അവരിൽ നിലനിന്നിരുന്നു.  യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിലും ഉയർച്ചയിലും ഉള്ള പങ്കാളിത്തത്തിൽ രക്ഷിക്കപ്പെടുന്നതിന്റെ പൂർണ്ണമായ പ്രാധാന്യം പൗലോസിന്റെ ഈ പഠിപ്പിക്കലിൽ കാണുവാൻ കഴിയും. ദൈവം നമുക്ക് ചെയ്തതിന് പകരമായി നമ്മിൽ നിന്ന് തിരിച്ചു തനിക്ക് എന്തെങ്കിലും കിട്ടണമെന്ന് പ്രതീക്ഷിക്കാതെ ദൈവം നമ്മോട് കാണിച്ച ഈ സ്നേഹം മറ്റു വ്യക്തികളോട് കാണിക്കുക. മറ്റുള്ളവർക്ക് കൊടുക്കുക, മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നതാണ് ദൈവം അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

4. ദൈവ മഹത്വത്തിന്റെ പത്രങ്ങൾ ആയിത്തീരുക

നമ്മുടെ വീണ്ടെടുക്കപ്പെട്ട ജീവിതം ദൈവത്തിന്റെ പത്രമാണ്.  ചില ആളുകളെ മോഷണക്കുറ്റത്തിനൊ വ്യഭിചാരക്കുറ്റത്തിനൊ, തട്ടിപ്പിനൊ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ആളുകളുടെ സംസാരം ഇത് ഇന്ന സ്ഥലത്തെ ഇന്നയാളുടെ മകനാണല്ലൊ എന്നായിരിക്കും. ആളുകളുടെ കൂട്ടത്തിൽ എങ്ങാനും അയാളുടെ പിതാവ് ഉണ്ടെങ്കിൽ അയാൾ പറയുമോ ഇത് എന്റെ മകനാണ് എന്ന്. താൻ തലയിൽ മുണ്ടിട്ടുകൊണ്ട് ജനത്തിന് ഇടയിൽനിന്നു രക്ഷപ്പെടും. നേരെമറിച്ച് ഒരു അവാർഡ് ആണ് ഒരു ബഹുമതിയാണ് തന്റെ മകന് ലഭിക്കുന്നതെങ്കിൽ ആ കുട്ടിയുടെ പിതാവ് അഭിമാനത്തോടെ തലയുയർത്തി ഇത് എന്റെ മകനാണ് എന്ന് അഭിമാനിക്കും. ദൈവത്തിന്റെ മക്കൾ മോഷണം ചെയ്യുമ്പോഴൊ ദുർന്നടപ്പിൽ പിടിക്കപ്പെടുമ്പോഴൊ മദ്യപാനം നടത്തുമ്പോഴൊ അതിന്റെ അപമാനം കർത്താവിനാണുണ്ടാവുക.

ദൈവത്തിന്റെ സ്നേഹത്താൽ ജീവിതങ്ങൾ രൂപാന്തരപ്പെട്ട് അവന്റെ കൃപയുടെ പ്രദർശനങ്ങൾ ആയിത്തീരുന്നതാണ് യഥാർത്ഥ ദൈവമഹത്വം. വിശുദ്ധിയിലും നിർമ്മലതയും നാം ദൈവത്തെ പോലെ ആയിത്തീരേണ്ടതിനാണ് ദൈവം നമ്മെ തെരഞ്ഞെടുത്തത് (1 :4). അവ പൗലോസ് ആദ്യം പ്രസ്താവിച്ചതുപോലെ ദൈവത്തിന്റെ തെരഞ്ഞെടുപ്പും വീണ്ടെടുപ്പു പ്രവർത്തിയും ദൈവത്തിന്റെ കൃപയുടെ പുകഴ്ചക്കും വേണ്ടിയാണ് (1:6;12,14).  അതേ ലക്ഷ്യം  തന്നെയാണ് നമ്മുടെ രക്ഷയുടെയും ഉദ്ദേശ്യം (2:7). അത്ഭുതകരമായ ദൈവകൃപയുടെ മഹത്വം വെളിപ്പെടുക എന്നതാണ് മനുഷ്യവർഗ്ഗത്തിന്റെ രക്ഷയിലൂടെ സാദ്ധ്യമാകേണ്ടത്.  ദൈവത്തിൻറെ കൃപ എന്നെന്നും പ്രസിദ്ധമായിത്തീരുക. പൗലോസ് ചില നാളുകൾക്കുശേഷം റോമായിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ “സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലൊ; അവന്നു എന്നന്നേക്കും മഹത്വം;  ആമേൻ എന്നും രേഖപ്പെടുത്തുന്നു. അപ്പൊസ്തലനായ പൗലോസിനോടു ചേർന്ന് നമുക്കും ഇപ്രകാരം പറയാം അവന്ന് എന്നന്നേക്കും മഹത്വം, ആമേൻ.

bottom of page