നിത്യജീവൻ
എന്താണ് നിത്യജീവൻ?
What is Eternal Life?
ഒന്നാമതായി, ദൈവത്തിന്റെ ജീവനാണ് യഥാർത്ഥ “ജീവൻ”.
പ്രപഞ്ചത്തിൽ നാം പലജീവജാലങ്ങളേയും കാണുന്നു. അവയെ ഒക്കേയും സൃഷ്ടിച്ചത് ദൈവമാണെങ്കിലും അവയുടെ ജീവനൊന്നും നിത്യമായി നിലനിൽക്കുന്നല്ല. ചില നാളുകൾക്കു ശേഷം അവ മരിക്കുകയൊ ജീവൻ നഷ്ടമാകുകയൊ ചെയ്യുന്നു. അതു മനുഷ്യനായാലും, ജന്തുജാലങ്ങളായാലും എല്ലാത്തിന്റേയും ഗതി ഒന്നു തന്നേ. എന്നാൽ ജീവൻ ഉണ്ട് എന്ന് അവകാശപ്പെടാൻ കഴിയുന്ന ഏക വ്യക്തി ദൈവമാണ്. ആ ദൈവത്തിനു മാത്രമെ മനുഷ്യനു ജീവൻ പകർന്നു നൽകാനും അതിനെ നിലനിർത്താനും കഴിയു. അങ്ങനെയുള്ള ഒരു ജീവൻ ആസ്വദിക്കണമെങ്കിൽ ഒരു വ്യക്തി ദൈവവുമായി ഒരു ബന്ധത്തിലേക്കു വരേണ്ടത് ആവശ്യമാണ്.
നിത്യജീവൻ എന്താണ് എന്ന് മനസ്സിലാക്കൻ സഹായിക്കുന്ന രണ്ടു ബൈബിൾ വാക്യങ്ങൾ നമുക്കു ശ്രദ്ധിക്കാം:
1 യോഹന്നാൻ 5:12 ഇപ്രകാരം പറയുന്നു: “പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.” വീണ്ടും യോഹന്നാൻ 3:36 “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ (Nithya jeevan) ഉണ്ടു; പുത്രനെ അനുസരിക്കാത്തവനൊ ജീവനെ കാണുകയില്ല;” ഈ രണ്ടു വാക്യങ്ങളും പറയുന്നതെന്തെന്നാൽ ദൈവത്തിന്റെ ജീവൻ മനുഷ്യനില്ലെങ്കിൽ അവനു ജീവനില്ല എന്ന കാര്യമാണ്. അതായത്, ദൈവത്തിന്റെ കണ്ണിൽ, ദൈവത്തിന്റെ ജീവൻ മാത്രമാണ് ജീവൻ; അതില്ലാത്തവനു മറ്റെന്തു തരത്തിലുള്ള ജീവനുണ്ടെങ്കിലും അതിനെ ജീവനായി പരിഗണിക്കാൻ കഴിയുകയില്ല. ദൈവത്തിന്റെ ജീവൻ നിസ്തുല്യമാണ് (യോഹ. 1:4;10:10;11:25;14:6).
ദൈവത്തിന്റെ ജീവനാണ് ദൈവികവും (divine) നിത്യമായതും (eternal).
ദൈവികമെന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് ദൈവത്തിന്റേതായ, ദൈവത്തിന്റെ പ്രകൃതിയുള്ള, അതീന്ദ്രിയവും മറ്റെല്ലാത്തിൽ നിന്നും വ്യതിരിക്തവുമായത് (distinct) എന്നാണ്. ദൈവം മാത്രമെ ദൈവമായുള്ളു. ദൈവത്തിനു മാത്രമെ ദൈവത്തിന്റെതായ പ്രകൃതിയുള്ളു. ദൈവത്തിനു മാത്രമെ അതീന്ദ്രിയത്വവും വ്യതിരിക്തതയും ഉള്ളു. അതുകൊണ്ട് ദൈവത്തിനു മാത്രമെ ദൈവികതയുള്ളു. ദൈവത്തിന്റെ ജീവൻ ദൈവം തന്നെയാണ്. ദൈവത്തിന്റെ ജീവൻ ദൈവം തന്നെ ആയിരിക്കുകയാൽ, സ്വാഭാവികമായും ദൈവത്തിന്റെ പ്രകൃതിയുള്ളതാണ്. ഒരു ഉദാഹരണം പറഞ്ഞാൽ, സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തെ സ്വർണ്ണമായി പരിഗണിക്കുവാൻ കഴിയും. കാരണം അതിനു സ്വർണ്ണത്തിന്റെ പ്രകൃതിയാണുള്ളത്. അതുപോലെ ദൈവത്തിന്റെ ജീവനും ദൈവം തന്നെ എന്നു പറവാൻ സാധിക്കും.
ദൈവത്തിന്റെ ജീവൻ നിത്യമാണ് എന്നു പറയുമ്പോൾ അത് അർത്ഥമാക്കുന്നതെന്തെന്നാൽ, സൃഷ്ടിക്കപ്പെടാത്തതും ആരംഭമൊ അവസാനമൊ ഇല്ലാത്തതും, സ്വയാസ്തിക്യമുള്ളതും എന്നേക്കും നിലനിൽക്കുന്നതും മാറ്റമില്ലാതെ നിത്യമായി തുടരുന്നതുമാണ്. ദൈവം മാത്രമാണ് സൃഷ്ടിക്കപ്പെടാത്തവനും നിത്യതമുതൽ നിത്യതവരെ നിലനിൽക്കുന്നവനും. സങ്കീർത്തനം 90:2 ൽ ദൈവത്തെക്കുറിച്ചു പറയുന്നത് ആരംഭമൊ അവസാനമൊ ഇല്ലാത്തവൻ എന്നാണ്. പുറപ്പാട് 3:14 ൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് “ഞാനാകുന്നവൻ ഞാനാകുന്നു” (I am that I am). അതായത്, ദൈവത്തിനു ഭൂതകാലമൊ, ഭാവികാലമൊ ഇല്ല; എല്ലാം വർത്തമാനകാലമാണ്. കൂടാതെ സങ്കീ 102:27 “നീയൊ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” (“but you are the same, and your years have no end”) എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം ഈ നിലയിലുള്ള വ്യക്തിയായിരിക്കുന്നതിനാൽ, ദൈവത്തിന്റെ ജീവനും ദൈവം തന്നെയാണ്. ദൈവത്തിന്റെ ജീവൻ, ദൈവത്തെപോലെ, സൃഷ്ടിക്കപ്പെടാത്തതും, ആരംഭമൊ അവസാനമൊ ഇല്ലാത്തതും സ്വയാസ്തിക്യമുള്ളതും എന്നേക്കും നിലനിൽക്കുന്നതും, ഒരിക്കലും മാറ്റമില്ലാത്തതും ആണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ദൈവത്തിന്റെ ജീവനാണ് നിത്യജീവൻ (Nithya jeevan).
രണ്ടാമതായി, ദൈവത്തിന്റെ ജീവൻ തന്നിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ജീവനാണ്.
ദൈവത്തിൽ നിന്നും ഈ ജീവൻ പുറത്തേക്കു ഒഴുകുന്നു എന്നതാണ് ഈ ജീവനെക്കുറിച്ചു പറയുവാൻ കഴിയുന്ന മറ്റൊരു കാര്യം. വെളിപ്പാട് 22:1-2 വാക്യങ്ങളിൽ നാം ഇപ്രകാരം കാണുന്നു “വീഥിയുടെ നടുവിൽ ദൈവത്തിന്റേയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതുഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.”
ഇവിടെ പറഞ്ഞിരിക്കുന്ന “ജീവജലനദിയും” “ജീവവൃക്ഷവും” ജീവനെയാണ് (Nithya jeevan) സൂചിപ്പിക്കുന്നത്. അതുകൊണ്ട്, ജീവൻ എന്നു പറയുന്നത് ദൈവത്തിൽ നിന്നും പുറത്തേക്കുള്ള ഒഴുക്കാണ്.
എന്നാൽ ദൈവികനും നിത്യമായവനും ആണെങ്കിലും ദൈവം പുറത്തേക്കു ഒഴുകുന്നില്ലെങ്കിൽ, തന്നെ സംബന്ധിച്ചു ജീവനാണെങ്കിലും, നമ്മേ സംബന്ധിച്ചു ജീവനായിരിക്കണമെന്നില്ല. അവൻ പുറത്തേക്ക് ഒഴുകിയെങ്കിൽ മാത്രമെ നമുക്കു ദൈവം ജീവനാകയുള്ളു.
തന്റെ പുറത്തേക്കുള്ള ഒഴുക്കു രണ്ടു നിലകളിൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. ഒന്നാമത്തെ പടിയായി താൻ ജഡമായി തീർന്നു എന്നതാണ്. യോഹന്നാൻ 1:1, 4 എന്നീ വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” അതായത്, ദൈവം സ്വർഗ്ഗത്തിൽ നിന്നു മനുഷ്യരുടെ ഇടയിലേക്ക് ഒഴുകി ഇറങ്ങി. മറ്റൊരു രീതിയിൽ പറഞ്ഞാൽ താൻ ജഡത്തിൽ വെളിപ്പെട്ടു (യോഹ 1;1,4; 1 തിമോത്തി 3:16; 1 യോഹ. 1:2 ). യേശുക്രിസ്തു ഈ ഭൂമിയിൽ ജഡത്തിൽ വെളിപ്പെട്ടപ്പോൾ “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹ 14:6) എന്നു പറഞ്ഞതും ഈ സത്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.
ആദ്യപടിയായി, ദൈവം ജഡത്തിൽ വെളിപ്പെട്ടുകൊണ്ട് ജീവനായി പുറത്തേക്കു ഒഴുകി എങ്കിലും അവനെ “ജീവനായി” സ്വീകരിക്കാൻ നമുക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൻ രണ്ടാമത്തെ പടിയായി “ക്രൂശിൽ തറക്കപ്പെട്ടവനായി” പുറത്തേക്കു ഒഴുകി. ക്രുശിലെ മരണത്തിലൂടെ, താൻ സ്വീകരിച്ച ജഡശരീരം, തകർക്കപ്പെട്ടു. അങ്ങനെ അവൻ നമുക്കു സ്വീകരിക്കാൻ കഴിയും വിധം ജീവജലനദിയായി പുറത്തേക്കു ഒഴുകി (യോഹ 19:34; 4:10; 14).
പഴയനിയമത്തിൽ മരുഭൂമിയിൽ വെച്ചു യിസ്രായേലിനു ദാഹജലം നൽകാനായി മോശെ അടിച്ച ആ പാറയും യിസ്രായേൽ ജനം കുടിച്ചു ദാഹം തീർത്തതുമായ ആ ജീവജലവും (പുറ. 17:6; 1 കൊരി.10:4), ഈ ജീവനെ അഥവാ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു.
അതുകൊണ്ട്, ദൈവത്തിൽ നിന്നും ഒഴുകുന്നതായ ജീവനായ ദൈവത്തെ സ്വീകരിച്ചാണ് നാം ജീവനുള്ളവർ ആയിത്തീരുന്നത്. ഈ ജീവൻ നമ്മിൽ നിന്നും പുറത്തേക്കു ഒഴുകുമ്പോൾ, അതു വീണ്ടും ദൈവത്തിന്റെ പുറത്തേക്കുള്ള ഒഴുക്കായി തീരും. ഈ പുറത്തേക്കുള്ള ഒഴുക്ക് ആദ്യം ദൈവത്തിന്റെ സിംഹാസനത്തിൽ നിന്നും ആരംഭിച്ച്, ആദ്യം നസ്രായനായ യേശുവിലേക്കും, പിന്നീടതു ക്രൂശിലൂടെ കടന്ന് തന്റെ അപ്പോസ്തലന്മാരിലേക്കും, അവരിൽ നിന്നു ജീവനദിയായി മറ്റ് അനേകരിലേക്കും ഒഴുകി. അങ്ങനെ കാലാകാലങ്ങളിലുള്ള വിശുദ്ധന്മാരിലൂടെ ഒഴുകി അവസാനം നമ്മിലും ഈ ജീവൻ എത്തിച്ചേർന്നു. നമ്മിൽ നിന്നും ലക്ഷക്കണക്കിനു ആളുകളിലേക്കു ഒഴുകേണ്ടതും നിത്യത വരെ നിലക്കാതെ ഒഴുകേണ്ടതുമാണ് (വെളി 22:1-2; യോഹ.4:14).
എങ്ങനെ ഈ നിത്യജീവൻ (Nithya jeevan) നമുക്കു പ്രാപിക്കാൻ കഴിയും?
ദൈവത്തിന്റെ ജീവൻ നമ്മിലേക്കു ഒഴുകണമെങ്കിൽ ദൈവവുമായി നാം ഒരു ബന്ധത്തിൽ ആയിത്തീരണം. ദൈവത്തോടു ബന്ധപ്പെടുവാൻ നമുക്കു തടസ്സമായി നിൽക്കുന്നത് നമ്മിലെ പാപമാണ്. ഈ പാപമെന്ന പ്രശ്നം പരിഹരിച്ച് ദൈവവുമായി ഒരു ബന്ധത്തിലേക്കു വരുവാനും ദൈവത്തിന്റെ ജീവൻ നമ്മിലേക്കു പകരുവാനും വേണ്ടിയാണ് ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചത്. ദൈവത്തിന്റെ മഹാസ്നേഹത്തെ വെളിപ്പെടുത്തുന്ന ഒരു വേദഭാഗം നമുക്കു നോക്കാം; “തന്റെ എകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാൻ 3:16). ഈ വേദഭാഗം നാം ശ്രദ്ധിച്ചാൽ മുന്നു പ്രധാന സത്യങ്ങൾ കാണുവാൻ കഴിയും.
ഒന്ന്, “ദൈവം ലോകത്തെ സ്നേഹിച്ചു” എന്നാൽ സകല മനുഷ്യരേയും സ്നേഹിച്ചു എന്നാണ് അർത്ഥം. ഇതു വായിക്കുന്ന താങ്കളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. എത്ര അതിശയകരമായ സ്നേഹം. താങ്കൾ പാപിയായിരിക്കുമ്പോൾതന്നെ ദൈവം സ്നേഹിച്ചു. “ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായിത്തീർന്നു (റോമർ 3:23) എന്ന് ബൈബിൾ പറയുന്നു. പാപത്തെ വെറുക്കുന്ന വിശുദ്ധനായ ദൈവം പാപിയെ സ്നേഹിക്കുന്നു. പാപം ചെയ്യുന്നവരെല്ലാം നിത്യ നരകയാതന അനുഭവിക്കണം. എന്നാൽ പാപിയെ രക്ഷിക്കുന്നതിനു ദൈവം അതിവിചിത്രമായ ഒരു മാർഗ്ഗം ഒരുക്കി തന്റെ ആഴമേറിയ സ്നേഹം വെളിപ്പെടുത്തി.
രണ്ട്, “ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകി” എത്ര അത്ഭുതകരമായ സ്നേഹം! പാപിയായ താങ്കൾക്കു പകരക്കാരനായി ദൈവം തന്റെ ഏകജാതനായ പുത്രനെ നൽകി. എന്തിനുവേണ്ടി? താങ്കൾ ഏൽക്കേണ്ട പാപത്തിന്റെ ശിക്ഷ ഏൽക്കുന്നതിനുവേണ്ടി തന്നെ. “അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു”വെന്ന് ബൈബിൾ പറയുന്നു.
നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശുക്രിസ്തു കാല്വരിയിലെ ക്രൂശിൽ മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുനേറ്റ് ഇന്നും ജീവിക്കുന്നു. ഈ വലിയ സ്നേഹത്തെ താങ്കൾക്ക് അവഗണിക്കുവാൻ കഴിയുമൊ?
മൂന്ന്: “പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ (Nithya jeevan) പ്രാപിക്കുന്നു”. രക്ഷിതാവ് തന്റെ വേല പൂർത്തീകരിച്ചു കഴിഞ്ഞു. ഈ യാഥാർത്ഥ്യം അംഗീകരിച്ചു വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടുന്നു. അവർ ദൈവത്തിന്റെ ജീവൻ പ്രാപിച്ച് ജീവനുള്ളവരായി തീരുന്നു. എന്നാൽ നിരസിക്കുന്നവർ നിത്യനരകയാതനയിലേക്കു തള്ളപ്പെടുന്നു.
വിശ്വസിക്കുന്നു എങ്കിൽ താങ്കൾ ചെയ്തുപോയ പാപങ്ങളെ ഓർത്തു അനുതപിക്കുക. താങ്കളുടെ പാപങ്ങളുടെ പേരിൽ മരിച്ച്, അടക്കപ്പെട്ട്, ഉയിർത്തെഴുനേറ്റ് ഇന്നും ജീവിക്കുന്ന യേശുക്രിസ്തുവിനെ ഹൃദയത്തിൽ കർത്താവും രക്ഷിതാവുമായി സ്വീകരിച്ചു ഏറ്റുപറയുക.
ലളിതമായ ഈ സന്ദേശം താങ്കളുടെ ജീവിതത്തിൽ എത്ര വലിയ മാറ്റം വരുത്തുന്നു. താങ്കൾ ഒരു ദൈവപൈതലായി തീരുന്നു. നിത്യജീവൻ (Nithya jeevan) പ്രാപിക്കുന്നു.
പ്രീയ സ്നേഹിതാ, “താങ്കൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടോ?” വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ (Nithya jeevan) ഉണ്ട്. തീരുമാനം താങ്കളുടേത്.
ശുശ്രൂഷകൾ
ബൈബിൾ പഠിപ്പിക്കുന്നു.
ദൈവവചനം പഠിപ്പിക്കുന്നതിനും യേശുക്രിസ്തുവിന്റെ ശിഷ്യത്വപാതയിൽ മുന്നേറുന്നതിനും ഞങ്ങൾ നിങ്ങളെ പരിശീലിപ്പിക്കുന്നു.
കൗൺസലിംഗ്
മദ്യപാനം, മയക്കുമരുന്നു എന്നിവയുടെ പിടിയിൽ നിന്നും മുക്തി നേടി ഒരു ദൈവപൈതലായി ജീവിക്കുവാനുള്ള കൗൺസലിംഗ് നൽകുന്നു.
കുടുംബജീവിതം
നല്ലകുടുംബജീവിതം നയിക് കുന്നതിനും കുഞ്ഞുങ്ങളെ നന്നായി വളർത്തുന്നതിനും ആവശ്യമായ ദൈവിക ആലോചനകൾ നൽകുന്നു.
ABOUT US
ദൈവത്തിന്റെ വചനമായ ബൈബിളിൽ നിന്നും ഒരു വ്യക്തിക്ക് എങ്ങനെ നിത്യജീവൻ പ്രാപിക്കാൻ സാധിക്കുമെന്നും ദൈവമായുള്ള ബന്ധത്തിൽ സന്തോഷകരവും ആനന്ദകരവുമായ ജീവിതം നയിക്കാൻ സാധിക്കുമെന്നും പഠിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
CONTACT US
Please fill this form so that we can contact you.